കൊയിലാണ്ടിയിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ
കൊയിലാണ്ടി: കുറുവങ്ങാട് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ പുനത്തിൽ മീത്തൽ സുനിൽ കുമാറിനെയാണ് (54) കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ സന്ധ്യാ സമയത്തായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തിൽ ചില പാടുകൾ കണ്ടതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കൊയിലാണ്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഉടൻതന്നെ പോലീസെത്തി പ്രതിയെ വീട്ടിൽവെച്ച് അറസ്റ്റ് ചെയ്തു.

കുട്ടിയെ വൈദ്യ പരിശോധനയ്ക്കായി കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചതിന് ശേഷം കൂടുതൽ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തിരുന്നു. പരിശോധന കഴിഞ്ഞ് കുട്ടി വീട്ടിലെത്തിയ ഉടനെ കൊയിലാണ്ടി WCPO ടി. എൻ. താര, ഇ.എം. സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള പിങ്ക് പോലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. മാരായ അനൂപ്, ശ്രീജേഷ്, WCPO ബിന്ദു എന്നിവരാണ് കേസ് അന്വേഷണ സംഘത്തിലുള്ളത്.





