KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിക്കാർക്ക് ഇനി ”ആലിൻ ചുവട്ടിൽ” ഇല്ല ആൽമര മുത്തശ്ശി യാത്രയായി

160 വർഷത്തിലേറെ പ്രായമുള്ള കൊയിലാണ്ടിയിലെ ആൽമര മുത്തശ്ശി കടപുഴകി

കൊയിലാണ്ടി: പട്ടണത്തിന്റെ ഹൃദയ ഭൂമികയിൽ ഒരു ജനതയുടെ താങ്ങും തണലുമായിരുന്ന ആൽമര മുത്തശ്ശി കടപുഴകി. കൊയിലാണ്ടി ബസ്സ് സ്റ്റാന്റിന് സമീപം ദേശീയപാതയിലുള്ള ഭീമൻ ആൽമരമാണ് ഇന്ന് (ശനി) കടപുഴകിയത്. പടർന്ന് പന്തലിച്ച് പട്ടണത്തിന് സൗന്ദര്യവും തണലും പകർന്ന് കൊയിലാണ്ടിയുടെ പ്രൗഡി വിളിച്ചോതിയ പലരുടെയും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ആൽമര മുത്തശ്ശി പെടുന്നുണ്ടായ ശക്തമായ കാറ്റിലാണ് ഇന്ന് രാവിലെ 11.30ന് തകർന്ന് നിലംപതിച്ചത്. ആൽമരം ചരിഞ്ഞ വിവരം കാട്ടുതീ പടർന്ന് പോലെയാണ് നാടാകെ അറിഞ്ഞത്.

കൊയിലാണ്ടിക്കാർക്കും ഇവിടെ വന്നു പോയവർക്കും ഈ ആൽമര മുത്തശ്ശി എന്നും ഓർമ്മയിലുണ്ടാകും. ഇത് കൊയിലാണ്ടിയുടെ മുഖമുദ്രയായി മാറി എന്നതും ശ്രദ്ധേയമാണ്. 160 വർഷത്തിലേറെ പ്രായമുള്ള ആൽമര മുത്തശ്ശിയെയാണ് കൊയിലാണ്ടിക്ക് നഷ്ടമാകുന്നത്. പട്ടണത്തിന്റെ വികസനം പുരോഗമിക്കുമ്പോഴും വാഹനപ്പെരുപ്പവും ജനങ്ങൾ തിങ്ങിക്കൂടുമ്പോഴും എല്ലാറ്റിനും മൂകസാക്ഷിയായി ഈ ആൽമര മുത്തശ്ശി ഉണ്ടായിരുന്നു. കൊയിലാണ്ടി പട്ടണത്തിലേക്ക് വരുന്നവർക്ക് ഈ ചെറിയ പ്രദേശത്തെ ആലിൻ ചുവട്ടിൽ എന്ന് പറഞ്ഞാൽ അതായിരിക്കും ഏറ്റവും വലിയ അടയാളപ്പെടുത്തൽ എന്ന്താണ് ചരിത്രം.

വേനൽക്കലങ്ങളിൽ വെയിൽ കൊണ്ട് തളർന്ന് അവശരായവർക്കു അല്ലാത്തവർക്കും ഈ മുത്തശ്ശിക്ക് സമീപമെത്തുമ്പോൾ നല്ല ഇളം കാറ്റും തണലും നൽകി മുത്തശ്ശിയിൽ നിന്ന് ലഭിക്കുന്ന ആശ്വാസം ചെറുതൊന്നുമല്ല. രണ്ട് തലമുറകളെ കണ്ടും പരിചരണം ഏറ്റുവാങ്ങിയുമാണ് മുത്തശ്ശി യാത്രായാകുന്നത്.

Advertisements

നിരവധി കുടുംബങ്ങളാണ് ഈ മരത്തിന് ചുറ്റും പതിറ്റാണ്ടുകളായി ഉപജീവനം തേടികഴിയുന്നത്. കൊയിലാണ്ടിക്കാർക്ക് പണ്ട്കാലത്ത് പഴയ കീറി മുഷിഞ്ഞ നോട്ടുകൾ മാറാൻ ബാങ്കുകളിലേക്ക് പോകേണ്ടി വരില്ലായിരുന്നു. പതിറ്റാണ്ടുകളായി ഇ ആൽമരത്തിന് ചുറ്റുമിരുന്ന് നോട്ടുകൾ മാറി നൽകിയിരുന്ന ഒരു ഇക്കാക്കയെ ആർക്കും മറക്കാൻ കഴിയില്ല. അതുപോലെ നിരവധി ആളുകൾ ഈ മരത്തിന് ചുറ്റുമിരുന്ന് ഉപജീവനം തേടിയവരായുണ്ട്. അതിൽ പലരും ഇപ്പോൾ ജീവിച്ചിരി്പ്പില്ലെന്നതാണ് സത്യം.

കൂടാതെ നാരങ്ങ, നെല്ലിക്ക കട്ടവടക്കാർ മറ്റ് പഴവർഗ്ഗങ്ങൾ, ചില മരുന്ന് കച്ചവടക്കാർ, തുണിയിൽ നിന്ന് കറപോക്കുന്ന മരുന്നുകൾ എന്നിവർ വർഷങ്ങളായി ഇവിടെയാണ് പ്രധാനമായും തമ്പടിക്കാറ്. ഇപ്പോഴും നിരവധിപേർ ഇവിടെയാണ് ചെറിയ കച്ചവടമായി മുന്നോട്ട് പോകുന്നത്.

പതിറ്റാണ്ടുകളായി അനേകം പക്ഷികൾക്കും ചെറു ജീവികൾക്കും ഇടത്തവളമേകിയ ഈ മുത്തശ്ശിയുടെ പതനം ഇവറ്റകൾക്ക് മറ്റു ദിക്കുകളിലേക്ക് ചേക്കേറേണ്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.

30 വർഷം മുമ്പ് ഈ ആൽമര മുത്തശ്ശിയെ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റാൻ കോഴിക്കോട് ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു. അന്ന് അതിനെതിരെ കൊയിലാണ്ടിയിലെ സി.പി.ഐ.(എം) നേതാവായിരുന്ന സുന്ദർ പ്രസ്സിലെ ചാത്തുക്കുട്ടിഏട്ടനും പ്രവർത്തകരും, മറ്റ് പരിസ്ഥിതി പ്രവർത്തകരും എതിർപ്പുമായി മുന്നോട്ട് വരികയായിരുന്നും. മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റിക്കൊണ്ടിരി്ക്കുമ്പോൾ ഇവരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടത്തിയതിന്റെ ഭാഗമായി കൊയിലാണ്ടി തഹസിൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കും തൊഴിലാളികൽക്കും പിരിഞ്ഞു പോകേണ്ടി വരികയായിരുന്നു.

മരണമുഖം മുന്നിൽകണ്ട ഈ ആൽമര മുത്തശ്ശിക്ക് വീണ്ടും ഇത്രയും കാലം കൊയിലാണ്ടിക്ക് വെളിച്ചമേകാൻ കഴിഞ്ഞു എന്നത് ഇനി ചരിത്രം.

 

Leave a Reply

Your email address will not be published. Required fields are marked *