കൊട്ടിയൂര്‍ ഉത്സവത്തിലേക്കുള്ള ഓലക്കുട നിർമ്മാണം ആരംഭിച്ചു

പേരാമ്പ്ര: മേടം പിറന്നതോടെ ബാലകൃഷ്ണപണിക്കര്‍ ഓലക്കുടനിര്‍മാണ തിരക്കിലായതാണ്. വ്രതശുദ്ധിയുടെ 41 ദിനങ്ങള്‍ പിന്നിട്ട് പ്രാര്‍ഥനയോടെ ഒരുക്കുന്ന ഈ ഓലക്കുടകള്‍ കൊട്ടിയൂര്‍ ഉത്സവത്തിലേക്കുള്ളതാണ്. വാളൂര്‍ നടുക്കണ്ടിപ്പാറയില്‍ പണിക്കരുടെ കേളോത്ത് വീട്ടിലാണ് ഓലക്കുടകളുടെ നിര്‍മാണം. ആറു വര്‍ഷമായി തുടരുന്ന കര്‍മം ഒരു അനുഷ്ഠാനമാണ് ബാലകൃഷ്ണപണിക്കര്‍ക്കും കുടുംബത്തിനും.
വിഷുവിന് തുടങ്ങിയ ജോലികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. 18 കാല്‍ക്കുടകളും 16 തലക്കുടകളും ഉണ്ടാക്കണം. രണ്ട് കുടകള്‍ കൊട്ടിയൂരില്‍ എത്തിയശേഷമാണ് നിര്‍മിച്ചു നല്‍കുക. വിഗ്രഹത്തില്‍ ചൂടാന്‍ ഏഴടി വിസ്തീര്‍ണത്തിലും വിളക്കില്‍ ചൂടാന്‍ എട്ടടി വിസ്തീര്‍ണത്തിലും കുടകള്‍ നിര്‍മിച്ചെടുക്കും. മേയ് 30-ന് ഇതിനായി ബാലകൃഷ്ണപണിക്കര്‍ കൊട്ടിയൂരിലെത്തും.

പാരമ്പര്യമായി ഓലക്കുട നിര്‍മിക്കുന്നവരാണ് ബാലകൃഷ്ണന്റെ കുടുംബം. അച്ഛന്‍ കുഞ്ഞിക്കണാര പണിക്കരും ഓലക്കുട നിര്‍മാണത്തില്‍ വിദഗ്ധനായിരുന്നു. കല്ലൂര്‍കാവിലും വടകരയിലെയും കോഴിക്കോട്ടെയും ക്ഷേത്രങ്ങളിലേക്കും ഉത്സവത്തിന് ഇവിടെനിന്ന് കുടകള്‍ നല്‍കാറുണ്ട്. കായണ്ണയിലെ ഗോപാലപണിക്കരാണ് ഓലക്കുട നിര്‍മാണത്തില്‍ ഒപ്പമുള്ളത്. ഭാര്യ ശാന്തയും മക്കളായ സബിന്‍ കൃഷ്ണയും ജിഥിന്‍ കൃഷ്ണയും സഹായത്തിനുണ്ട്.

