KOYILANDY DIARY

The Perfect News Portal

കേന്ദ്ര ഖനനവകുപ്പിന്റെ സര്‍വേ തുടങ്ങി

മാനന്തവാടി: വയനാട്ടില്‍ സ്വര്‍ണനിക്ഷേപമുണ്ടോ എന്നറിയാന്‍ കേന്ദ്ര ഖനനവകുപ്പിന്റെ സര്‍വേ തുടങ്ങി. എടവക ഗ്രാമപ്പഞ്ചായത്തിലെ മാങ്ങലാടിയിലാണ് കേന്ദ്ര മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് സര്‍വേ നടത്തുന്നത്.

മൈനിങ് ആന്‍ഡ് ജിയോളജി ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച്‌ വ്യക്തമായ വിവരങ്ങളില്ല. അതേസമയം, സര്‍വേയുടെ കാര്യം കേന്ദ്ര ജിയോളജി വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചതായി എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയനും സെക്രട്ടറി എം.ആര്‍. പ്രഭാകരനും പറഞ്ഞു. എടവക പാണ്ടിക്കടവ് മാങ്ങലാടിയിലെ ഒരു കുന്നില്‍ 1921-ല്‍ ബ്രിട്ടീഷുകാര്‍ സ്വര്‍ണം ഖനനം ചെയ്തതായി പറയപ്പെടുന്നു. പൊന്നരിപ്പന്‍കുന്നെന്ന് അറിയപ്പെടുന്ന ഇവിടെ കുഴിയുമുണ്ട്. സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടതോടെയാണത്രെ ഖനനം ഉപേക്ഷിച്ച്‌ ബ്രിട്ടീഷുകാര്‍ പോയത്.

സാറ്റലൈറ്റ് നിരീക്ഷണത്തിലൂടെയുള്ള സൂചനകളും പഴയ രേഖകള്‍ പ്രകാരമുള്ള വിവരങ്ങളുമനുസരിച്ചാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയതെന്നാണ് സൂചന. അഞ്ച് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. പൊന്നരിപ്പിന്‍കുന്നിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രാഥമികസര്‍വേ.

Advertisements

ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നതോദ്യോഗസ്ഥരും സര്‍ക്കാര്‍ സ്വര്‍ണഖനന ഏജന്‍സിയും സ്ഥലത്തെത്തും. ഖനനത്തിന് ആവശ്യമായ സ്വര്‍ണം ലഭ്യമാകുമോയെന്ന് പരിശോധിച്ചശേഷം തുടര്‍പ്രവര്‍ത്തനങ്ങളുണ്ടാകും. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തില്‍ 44 വര്‍ഷം മുമ്പുള്ള ഒരു ഗുഹയുണ്ട്. സ്വര്‍ണ ഖനനത്തെത്തുടര്‍ന്ന് ഉണ്ടായതാണ് ഈ ഗുഹയെന്ന് പറയപ്പെടുന്നു. ഇവിടെയും കേന്ദ്രസംഘം പരിശോധനക്കെത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *