KOYILANDY DIARY

The Perfect News Portal

കേഡലിനെ കൊലയ്ക്ക് പ്രേരിപ്പിച്ചത് വീട്ടില്‍ നിന്ന് നേരിട്ട അവഗണന

തിരുവനന്തപുരം: കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയില്‍ നന്തന്‍കോട് കോളനിയെ നടുക്കിയ കൂട്ടക്കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. കൊല നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലെന്ന് പ്രതി കേഡല്‍ ജിന്‍സണ്‍ രാജ പോലീസിന് മൊഴി നല്‍കി. അതേസമയം പ്രതി നേരത്തെ പറഞ്ഞ ആസ്ട്രല്‍ പ്രൊജക്ഷന്‍ മൊഴി പുകമറയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വീട്ടില്‍ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു കാരണം എന്ന് പ്രതി മൊഴി നല്‍കി.

ആദ്യം കൊല്ലാനുറച്ചത് പിതാവിനെയായിരുന്നു. പിതാവിനെ കൊലപ്പെടുത്തിയതിനു ശേഷമാണ് കേഡല്‍ മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി. കൃത്യം നടത്തുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും വ്യക്തമായ പദ്ധതിയായിരുന്നു കേഡല്‍ തയാറാക്കിയിരുന്നതെന്നും പോലീസ് അറിയിച്ചു.

കാഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷന്‍ മൊഴി പോലീസ് നേരത്തെ തന്നെ തള്ളിയിരുന്നു. പോലീസിന്റെ പല ചോദ്യങ്ങള്‍ക്കും പരസ്പര വിരുദ്ധമായ മൊഴിയായിരുന്നു കേഡല്‍ നല്‍കിയത്. മനഃശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കുറ്റബോധം തെല്ലുമില്ലാതെയാണു കൂട്ടക്കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം പ്രതി അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്. കേഡലിന്റെ മനസ് കൊടും ക്രിമിനലിന്റേതാണെന്നും തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാള്‍ കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും മന:ശാസ്ത്ര വിദഗ്ധന്‍ പറഞ്ഞു.

Advertisements

നേരത്തെ കാഡലിന്റെ മൊഴി അന്വേഷണ സംഘത്തെ ഏറെ കുഴപ്പിച്ചിരുന്നു. മനസ്സിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണു താന്‍ നടത്തിയതെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്തിനാണു താന്‍ ഈ കൊലപാതകങ്ങള്‍ നടത്തിയതെന്നു പോലീസിനോടു ചോദിച്ച് ഉത്തരം കണ്ടെത്താനാണു ചെന്നൈയില്‍നിന്നു തിരികെ വന്നതെന്നു പിന്നീട് പറഞ്ഞു. ഒരേ ദിവസമാണു കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് കാഡല്‍ പറയുന്നത്. പക്ഷേ, വീട്ടുജോലിക്കാരിയുടെയും അയല്‍വാസികളുടെയും മൊഴി ഇതിനു വിരുദ്ധമാണ്. ബുധനാഴ്ചയാണു മൂന്നുപേരെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹങ്ങള്‍ സ്വന്തം മുറിയിലെ കുളിമുറിയിലിട്ടു കത്തിച്ചെന്നു പ്രതി സമ്മതിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ റിട്ട. പ്രൊഫ. രാജ തങ്കം(60), ഭാര്യ ഡോ. ജീന്‍ പത്മ(58), മകള്‍ കരോലിന്‍ (26), ജീനിന്റെ ബന്ധു ലളിത(70) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമാണു കാണപ്പെട്ടത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതി കാഡലിനെ തിങ്കളാഴ്ചയാണ് പോലീസ് അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *