KOYILANDY DIARY

The Perfect News Portal

കുടകിലെ മാക്കൂട്ടം വനത്തിലും കേരളാതിര്‍ത്തിയിലെ അയ്യങ്കുന്ന് പാറയ്ക്കാമലയിലും ഉരുള്‍പൊട്ടി

ഇരിട്ടി> കുടകിലെ മാക്കൂട്ടം വനത്തിലും കേരളാതിര്‍ത്തിയിലെ അയ്യങ്കുന്ന് പാറയ്ക്കാമലയിലും ഉരുള്‍പൊട്ടി. മാക്കൂട്ടത്ത് ചുരം റോഡില്‍ അമ്ബുവിന്റെ കടക്ക് മുന്നിലാണ് ഉരുള്‍പൊട്ടി വന്‍മരങ്ങളും കൂറ്റന്‍ പാറക്കെട്ടുകളും മലവെള്ളപ്പാച്ചിലും പ്രദേശത്തെ വെള്ളത്തിലാഴ്ത്തിയത്. ചൊവ്വാഴ്ച രാത്രി പത്ത് മുതല്‍ ഇരട്ടി ശക്തിയോടെ തിമര്‍ത്ത കാലവര്‍ഷത്തില്‍ മാക്കൂട്ടം വനമേഖലയിലാകെ പരക്കെ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടിയെത്തിയ ക്രമാതീത ഒഴുക്കില്‍ തോടുകളും മാക്കൂട്ടം പുഴയും കരകവിഞ്ഞ് ഗതി മാറി. അമ്ബുവിന്റെ കടയുടെ അസ്ഥിവാരമടക്കം തറയാകെ കുത്തിയൊലിച്ചു.

മാക്കൂട്ടം പാലം കവിഞ്ഞ കുറഞ്ഞാഴുക്കില്‍ റോഡിന് കുറുകെ വന്മരങ്ങള്‍ അടിഞ്ഞുകിടപ്പാണ്. ഇതു വഴി ബംഗളൂരു, മൈസൂരു, കുടക് മേഖലയിലേക്കുള്ള വാഹന ഗതാഗതം നിലച്ചു.കിളിയന്തറ ചെക് പോസ്റ്റില്‍ കേരളത്തില്‍ നിന്നുള്ള ചരക്ക് ലോറികളും പെരമ്ബാടി ചെക്പോസ്റ്റില്‍ കര്‍ണാടകത്തില്‍ നിന്നെത്തിയ വണ്ടികളും കുടുങ്ങിക്കിടപ്പാണ്. കാറുകളും ബസുകളും അടക്കം ഇരു സംസ്ഥാനങ്ങളിലെയും അത്യാവശ്യ വാഹനക്കള്‍ മാനന്തവാടി ബാവലി വഴി തിരിച്ചുവിടുകയാണ്.

മാക്കൂട്ടത്ത് പൊലീസ് വനം ചെക്പോസ്റ്റുകളും പിക്കറ്റുകളും പ്രവര്‍തിക്കുന്ന കെട്ടിടങ്ങളും ഷെഡുകളും ഉരുള്‍പൊട്ടലില്‍ ഭാഗികമായി തകര്‍ന്നു. ഹെക്ടര്‍ കണക്കിന് റബര്‍ തോട്ടങ്ങളും കൃഷിയിടങ്ങളും കുത്തിയൊലിച്ചു പോയി.

Advertisements

അയ്യങ്കുന്നിലെ പാറയക്കാമല ഉരുള്‍പൊട്ടലില്‍ രണ്ട് ഗ്രാമീണ റോഡുകളില്‍ ഗതാഗതം നിലച്ചു. കൃഷിയിടങ്ങള്‍ തകര്‍ന്നു. പഴശ്ശിപദ്ധതി മുഖ്യ കൈവഴിയായ ഇരിട്ടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പലേടത്തും പുഴ ഗതി മാറി. ഒഴുക്കും കനത്തു. വള്ളിത്തോട് പുഴ കരകവിഞ്ഞ് ടൗണില്‍ ചൊവ്വാഴ്ച രാത്രി വെള്ളപ്പൊക്കമുണ്ടായി. കോളിക്കടവില്‍ ചൊവ്വാഴ്ച രാത്രി വെള്ളപ്പൊക്ക ഭീതിയില്‍പെട്ട കുടുംബങ്ങളെ സിപിഐ എം ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മാറ്റി പാര്‍പ്പിച്ചു.

ബുധനാഴ്ച രാവിലെയോടെ വെള്ളപ്പൊക്ക ഭീതിയകന്നു.കൂട്ടുപുഴ കരകവിഞ്ഞതിനാല്‍ മാക്കൂട്ടത്തും കിളിയന്തറയിലുമുള്ള 15 പുഴയോര കുടുംബങ്ങളെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മാറ്റിപ്പാര്‍പ്പിച്ചു.കിളിയന്തറ ഹൈസ്കൂള്‍ ക്ലാസുകളിലെ ഏതാനും ഡിവിഷനുകള്‍ക്ക് കലക്ടറുടെ ഉത്തരവില്‍ അവധി നല്‍കിയാണ് ക്ലാസുമുറികള്‍ ദുരിതാശ്വാസ ക്യാമ്ബുകളാക്കിയത്. പായം പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അശോകന്‍, അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സെബാസ്റ്യന്‍, ഇരിട്ടി താസില്‍ദാര്‍ കെ കെ ദിവാകരന്‍, പൊലീസ്, റവന്യൂ, ഫയര്‍ഫോഴ്സ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തുണ്ട്. ഡെപ്യൂട്ടി കലക്ടരുടെ നേതൃത്വത്തില്‍ ജില്ലാ കണ്‍ട്രോള്‍ യൂനിറ്റും സ്ഥലത്തെത്തും. സണ്ണി ജോസഫ് എംഎല്‍എ സ്ഥലത്തെത്തി. വൈകിട്ടോടെ ദുരിതാശ്വാസ ക്യാമ്ബില്‍ കൂടുതല്‍ സഹായങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ എത്തിക്കുമെന്ന് തഹസില്‍ദാര്‍ ദുരിതാശ്വാസ ക്യാമ്ബിലെ കുടുംബങ്ങളെ നേരില്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *