KOYILANDY DIARY

The Perfect News Portal

ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വീണ്ടും വി.എം സുധീരന്‍

തിരുവനന്തപുരം: പരസ്യപ്രസ്താവന പാടില്ലെന്ന കെപിസിസിയുടെ നിര്‍ദേശം മറികടന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വീണ്ടും വി.എം സുധീരന്‍. കെപിസിസി പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സംഗതയായിരുന്നുവെന്ന് സുധീരന്‍ തുറന്നടിച്ചു. പിസിസി അധ്യക്ഷനായ അന്ന് മുതല്‍ എനിക്ക് ഏറെ സ്‌നേഹമുള്ള അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നോട് നിസ്സഹകരണമാണ് കാട്ടിയത്. വീട്ടില്‍ പോയി കണ്ടിട്ടും അദ്ദേഹത്തിന്റെ ഭാവം നീരസത്തിന്റേതായിരുന്നു. ഞാന്‍ അര്‍ഹനാണ് പിസിസി അധ്യക്ഷനാകാന്‍. അങ്ങനെ വന്നയാളാണ് ഞാന്‍. എനിക്ക് ഒരു വ്യക്തിതാത്പര്യവുമില്ല. എന്നിട്ടും ഒരിക്കലും കാണിക്കാന്‍ പാടില്ലാത്ത ക്രൂരമായ നിസംഗതയാണ് അദ്ദേഹം കാട്ടിയത്. ഞാന്‍ ചുമതലയേല്‍ക്കുന്ന സമയത്ത് പോലും അദ്ദേഹം വന്നില്ല. പിന്നീട് മിക്ക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിസ്സഹകരിച്ചു.

ജനപക്ഷ യാത്രയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. പിന്നീട് നടത്തിയ ജനരക്ഷാ യാത്രയും ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയാണ്. എങ്കിലും ജാഥാ ക്യാപ്റ്റനായ എന്റെ പേര് പോലും പറയാന്‍ അദ്ദേഹത്തിന് പിശുക്കായിരുന്നു. ഗ്രൂപ്പ് മാനേജര്‍മാരുടെ വെട്ടിനിരത്തലാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഇടയാക്കിയത്. വാര്‍ഡിലെ പ്രവര്‍ത്തകര്‍ തന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കണമെന്ന് നിര്‍ദേശിച്ചു. പക്ഷേ അത് ഗ്രൂപ്പ് മാനേജര്‍മാര്‍ അട്ടിമറിച്ചു. അതിന്റെ ഫലമായി നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ പലയിടത്തും റിബലമായി. വലിയ തോല്‍വിക്ക് കാരണം ഇവര്‍ തന്നെയാണ്. സോളാര്‍ വിവാദം വന്നപ്പോള്‍ അതിനെ പ്രതിരോധിച്ചയാളാണ് താന്‍.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെ ബുധനാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തിലും രൂക്ഷമായി വിമര്‍ശിച്ചു. ഇതിന്റെ ഫലമായി ലോക്‌സഭയില്‍ ഒരു സീറ്റ് കുറയുകയാണ്. സീറ്റ് വിട്ടുകൊടുത്ത് അംഗബലം കുറച്ചത് ഹിമാലയന്‍ മണ്ടത്തരമാണ്. സാമാന്യബുദ്ധിയും പക്വതയുമുള്ള ഒരു രാഷ് ട്രീയ നേതൃത്വത്തിനും ഇമ്മാതിരിയുള്ള ഒരു തീരുമാനം കൈക്കൊള്ളാനാകില്ല. സീറ്റ് വിട്ടുകൊടുത്തതിന്റെ പ്രത്യഘാതം വളരെ ഗുരുതരമായിരിക്കും. യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമാകുന്നു. മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളത്.

Advertisements

ആര്‍എസ്പി വന്നപ്പോള്‍ ലോക്‌സഭാ സീറ്റ് വിട്ടുകൊടുത്തു. പലവട്ടം ചര്‍ച്ചനടത്തി ചില നിബന്ധനകള്‍ വച്ചിരുന്നു. ജയിച്ചുവരുന്ന പാര്‍ലമെന്റ് അംഗം യുപിഎക്ക് പിന്തുണ നല്‍കണം എന്ന നിബന്ധന വച്ചിരുന്നു. ചാഞ്ചാട്ടമില്ലാത്തൊരു പാര്‍ട്ടിയാണ് ആര്‍എസ്പി. മാണി ചാഞ്ചാട്ടക്കാരനാണ്. ഇക്കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കുന്നതില്‍ പാളിച്ചയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധിയുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്താനല്ല. ദുര്‍ബലപ്പെടുത്താനാണ് നേതാക്കള്‍ ശ്രമിച്ചത്. സങ്കുചിത താത്പര്യമാണ് അവര്‍ വച്ചുപുലര്‍ത്തുന്നത്. കോണ്‍ഗ്രസില്‍ ആരും തന്നെ ഈ സ്ഥാനത്ത് വരരുത് എന്ന ഒളി അജണ്ട മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അതാണ് അവര്‍ നടത്തിയത്.

അര്‍ഹതയുള്ള പല നേതാക്കളുമുണ്ടായിരുന്നു. ഞാന്‍ ഏതായാലും ഇതിനായി ആഗ്രഹിച്ചിരുന്നില്ല. പലരും ഇപ്പോള്‍ അങ്ങനെ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ കാര്യമില്ല. 2009 ലും 2011 ലും മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ താത്പര്യപ്പെട്ടില്ല. ആ രീതിയിലുള്ള കുപ്രചരണം നടത്തുന്ന കെണിയില്‍ നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ വീഴരുത്. ഗ്രൂപ്പ് രാഷ് ട്രീയത്തിന്റെ തടവറയിലാണ് നേതൃത്വം. എല്ലാവരും ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഷ് ട്രീയകാര്യ സമിതിയിലും നേതൃയോഗത്തിലും സീറ്റ് വിട്ടുകൊടുക്കുന്നതിനെ എല്ലാവരും എതിര്‍ക്കുകയാണ്. നഷ് ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയാണ് നേതൃത്വം ചെയ്യേണ്ടത്. അതിന് പകരം പരസ്യപ്രസ്താവന പാടില്ല എന്ന ഒറ്റമൂലിയുമായി അവര്‍ ഇറങ്ങിയിരിക്കുകയാണ്.

പരസ്യപ്രസ്താവന കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എന്നുമുണ്ട്. ഇതിനെ എതിര്‍ക്കുന്നവരുടെ 94 ലില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷിക്ക് സീറ്റ് നല്‍കിയതിനെതിരെ രാജിവെച്ച്‌ പ്രതിഷേധിക്കുന്നത് കണ്ടു. പിന്നീട് കരുണാകരനെതിരെ അങ്കം കുറിച്ച്‌ മൂന്നാം ഗ്രൂപ്പുമായി മുന്നോട്ട് പോയ നേതാക്കളേയും നാം കണ്ടു. ആ സ്ഥാനത്തിരിക്കുമ്ബോള്‍ അങ്ങനെ പറയേണ്ടി വരും. അന്ന് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ തൊട്ടുപിന്നാലെ വാര്‍ത്താസമ്മേളനം കെപിസിസി ഓഫീസില്‍ നടത്തിയത് ഇന്നത്തെ കെപിസിസി പ്രസിഡന്റായ എന്റെ അടുത്ത സുഹൃത്താണ്. അവരെയൊക്കെ എനിക്ക് ഇഷ് ടമാണ്. ചില കാര്യങ്ങളില്‍ പോരായ്മയുണ്ടാകുമ്ബോള്‍ പരസ്യമായി തന്നെ ഞാന്‍ പറയും. എന്നെ അറിയുന്നവരാണ് ഇവരൊക്കെ. ഒന്നിച്ചു പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികളെക്കുറിച്ചല്ല പറയുന്നത്. യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ അകന്ന് നില്‍ക്കുന്നു.

കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരുടെ വികാരം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. മനസ്സ് മടുപ്പിക്കുന്ന പശ്ചാത്തലമാണ് പാര്‍ട്ടിക്ക് അകത്തുണ്ടായിരുന്നത്. ഒരാളോടും എന്നെ കെപിസിസി പ്രസിഡന്റാക്കണമെന്ന് പറഞ്ഞിട്ടില്ല. പ്രകടനപത്രികയെ കുറിച്ച്‌ നിര്‍ദേശം നല്‍കാന്‍ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം കിട്ടിയത്. രാഹുലിനെ കാണാന്‍ ആവശ്യപ്പെട്ടു. അവിടെ വച്ച്‌ രാഹുല്‍ എന്നോട് പിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ എതിര്‍ത്ത് പറഞ്ഞില്ല. സോണിയയേും കണ്ടു. അവരും ആവശ്യപ്പെട്ടു. അങ്ങനെ പ്രസിഡന്റായി. എന്നെ ആരും പിസിസി പ്രസിഡന്റായി കെട്ടിയിറക്കിയതല്ല.

നേരെ ചൊവ്വേ കാര്യങ്ങള്‍ തുറന്നുപറയുന്നതാണ് എന്റെ രാഷ് ട്രീയം. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന തരത്തിലല്ല. പേരിന് എന്തെങ്കിലും ചെയ്യുന്നൂ എന്നേയുള്ളൂ.
കെപിസിസി യോഗത്തില്‍ ചൊവ്വാഴ്ച ഞാന്‍ പ്രസംഗിക്കാന്‍ ഒരുങ്ങിയപ്പോള്‍ വളരെ ജൂനിയറായ ആളുകള്‍ എനിക്കെതിരെ നടത്തിയ എതിര്‍പ്പുകളാണ് പുറത്ത് മാധ്യമങ്ങളോട് പറയാന്‍ ഇടവരുത്തിയത്. അത് എനിക്ക് ഏറെ വിഷമമുണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *