KOYILANDY DIARY

The Perfect News Portal

കാലത്തിനനുസരിച്ചുള്ള മാറ്റത്തിനൊരുങ്ങി കേരള പിഎസ്സിയും ന്യൂജനറേഷനാകുന്നു

തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള മാറ്റത്തിനൊരുങ്ങി കേരള പിഎസ്സിയും ന്യൂജനറേഷനാകുന്നു. പരീക്ഷാര്‍ഥികള്‍ക്ക് ഇനി അറിയേണ്ടതെല്ലാം പിഎസ്സിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ അറിയാം. പരീക്ഷാര്‍ഥികള്‍ക്ക് പിഎസ്സി നടപടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. തിങ്കളാഴ്ച്ച തിരുവന്തപുരത്ത് നടന്ന ചടങ്ങില്‍ പിഎസ്സി ചെയര്‍മാന്‍ എം.കെ സക്കീര്‍ പേജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കമ്മിഷന്‍ അംഗങ്ങള്‍, എക്സാമിനേഷന്‍ കണ്‍ട്രോളര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പിഎസ്സിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വാര്‍ത്തകള്‍, വീഡിയോ, ചിത്രങ്ങള്‍ എന്നിവ പേജില്‍ ലഭ്യമാണ്. അതോടൊപ്പം പരീക്ഷാകലണ്ടര്‍, ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അഡ്മിഷന്‍ ടിക്കറ്റ്, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കല്‍ തുടങ്ങിയ വിവരങ്ങളും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഒഴിവുകള്‍ നികത്താത്തതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന പിഎസ്സിക്ക്, പുതിയ പരിഷ്കാരം ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫേസ്ബുക്ക് പേജ് ഫോളോ ചെയ്താല്‍ പിഎസ്സി ഒഴിവുകളുടെ നോട്ടിഫിക്കേഷന്‍ നേരിട്ട് മൊബൈലില്‍ എത്തുകയും ചെയ്യുന്നത് സഹായകരമാണെന്ന് പരീക്ഷാര്‍ഥികള്‍ പ്രതികരിച്ചിട്ടുണ്ട്. പേജില്‍ മികച്ച പ്രതികരണത്തോടൊപ്പം പരാതികളും ഏറെയുണ്ട്. ഒഴിവുകള്‍ നികത്താന്‍ കാലതാമസമെടുക്കുന്നതിനെയാണ് കൂടുതല്‍ പേരും വിമര്‍ശിച്ചിരിക്കുന്നത്. കൂടുതല്‍ ജനകീയമാക്കികൊണ്ട് ഫേസ്ബുക്ക് പേജിലൂടെ പിഎസ്സിയെ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ സക്കീര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക പേജിന് കൂടുതല്‍ അംഗീകാരം ലഭിക്കുന്നതോടെ വ്യാജ പേജുകള്‍ തടയാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ആദ്യ ഘട്ടമായി അഞ്ച് വ്യത്യസ്ത തസ്തികകളിലേക്കുള്ള ഒഴിവുകളും അപേക്ഷിക്കേണ്ട അവസാന തിയതിയും പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം 60ാം വാര്‍ഷികാഘോഷം ഫെബ്രുവരി 26ന് നടത്താന്‍ പിഎസ്സി തീരുമാനിച്ചു. ഗവര്‍ണര്‍ പി.സദാശിവം ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *