KOYILANDY DIARY

The Perfect News Portal

കാരശ്ശേരി പഞ്ചായത്തില്‍ നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 67 പേര്‍ക്ക് കൂടി എച്ച്‌ 1 എന്‍ 1 പനി പിടിപെട്ടതായി കണ്ടെത്തി

കോഴിക്കോട്: എച്ച്‌ 1 എന്‍ 1 പനി സ്ഥിരീകരിച്ച കാരശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 67 പേര്‍ക്ക് കൂടി പനി പിടിപെട്ടതായി കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച നടത്തിയ മെഡിക്കല്‍ ക്യാമ്പിലാണ് ഇത്രയേറെ പേര്‍ക്ക് പനി പിടിപെട്ടതായി കണ്ടെത്തിയത്. ഇതോടെ, പനി ബാധിച്ച്‌ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 273 ആയി.

ഇതില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് സാധാരണ നിലയില്‍ ഉള്ളതിനെക്കാള്‍ പനി കൂടിയ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ മരുന്നുകള്‍ നല്‍കി. ആനയാംകുന്ന് സ്കൂളിലെ ക്യാമ്പില്‍ പരിശോധനക്കെത്തിയ വിദ്യാര്‍ഥിയെ മുക്കം സി.എച്ച്‌.സിയില്‍ പ്രവേശിപ്പിച്ചു.

പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. കളക്ടര്‍ സാംബവശിവ റാവുവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീയും ആനയാംകുന്ന് സ്കൂളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്യാമ്ബുകളും സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആനയാംകുന്ന് സ്കൂളില്‍ അവലോകന യോഗം ചേര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആളുകള്‍ ഒത്തുകൂടുന്നതും പൊതുപരിപാടികളും പരമാവധി ഒഴിവാക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Advertisements

ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്ബുകള്‍ നിര്‍ത്തിവെച്ചു. മുക്കം സി.എച്ച്‌.സിയിലും കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി പി.എച്ച്‌.സിയിലും പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചു. മുക്കം സി.എച്ച്‌.സിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. (0495-2297260).

Leave a Reply

Your email address will not be published. Required fields are marked *