KOYILANDY DIARY

The Perfect News Portal

കാപ്പാട് വിനോദ സഞ്ചാര കേന്ദ്രം സന്ദർശകർക്കായി തുറന്നു കൊടുത്തു

കൊയിലാണ്ടി: കോവിഡ് രോഗ വ്യാപനത്തിന് അയവുവന്നതോടെ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രം സന്ദർശകർക്കായി തുറന്നു കൊടുത്തു. കർശന നിയന്ത്രണങ്ങളോടെയാണ് കാപ്പാട് ബ്ലൂഫ്ളാഗ് ബീച്ച് തുറന്നത്. സന്ദർശകർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. തുവ്വപ്പാറയ്ക്ക് സമീപം ബീച്ചിലും സന്ദർശകർ എത്തുന്നുണ്ട്.

മുതിർന്നവർക്ക് 25 രൂപയും പത്തിനും പതിനെട്ടിനും ഇടയിൽ പ്രയാമുള്ളവർക്ക് 10 രൂപയും പ്രവേശനഫീസുണ്ട്. ചെറിയ കുട്ടികൾക്ക് പ്രവേശനം സൗജന്യം. കോവിഡ് നിയന്ത്രണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന കാപ്പാട് ബീച്ചിൽ നിർമാണ പ്രവൃത്തികളും അറ്റകുറ്റപ്പണികളും നടത്തിവരികയാണ്. പഴയ ഗേറ്റ് മാറ്റി പുതിയത് നിർമിക്കുന്ന പണിയും നടക്കുന്നുണ്ട്.

സന്ദർശകർ എത്തിത്തുടങ്ങിയതോടെ റോഡരികിലുള്ള ഉന്തുവണ്ടി പെട്ടിക്കടക്കാരും സജീവമായി. മാസങ്ങളായി തൊഴിൽരഹിതരായി ജീവിതം തള്ളി നീക്കിയ ഇവർ ബീച്ച് തുറന്നതോടെ പ്രതീക്ഷയിലാണ്. ബീച്ച് തുറന്നെങ്കിലും കാപ്പാടിലേക്കുള്ള പാതകളെല്ലാം തകർന്നുകിടപ്പാണ്. കൊയിലാണ്ടി ഹാർബർ-കാപ്പാട് തീരപാത മൂന്നുമാസംമുമ്പുണ്ടായ ശക്തമായ കടലേറ്റത്തിൽ തകർന്നത് ഇതുവരെ നന്നാക്കിയിട്ടില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *