KOYILANDY DIARY

The Perfect News Portal

കാപ്പാട് ഫെസ്റ്റിനോടനുബന്ധിച്ച് ഡോള്‍ഫിന്‍ രതീഷ് കൈകാലുകള്‍ ബന്ധിച്ച് കടലില്‍ സാഹസിക നീന്തല്‍ പ്രകടനം കാഴ്ച വെക്കുന്നു..

കൊയിലാണ്ടി: കൈകാലുകള്‍ ബന്ധിച്ച്‌ ഡോള്‍ഫിന്‍ രതീഷ് നീന്തിയത് കടലിലൂടെ. തീരത്ത് കാഴ്ചക്കാരായി നിന്നത് നൂറുകണക്കിനാളുകള്‍. ഒരുകിലോമീറ്റര്‍ കടല്‍ താണ്ടിയത് കേവലം ഇരുപതു മിനിറ്റുകൊണ്ട്. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കാന്‍ നടത്തുന്ന കാപ്പാട്‌ഫെസ്റ്റിന്റെ ഭാഗമായാണ് സാഹസിക നീന്തല്‍ നടത്തിയത്. ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ സത്യനാഥന്‍ മാടഞ്ചേരി രതീഷിന്റെ കൈകാലുകള്‍ കയറുപയോഗിച്ച്‌ ബന്ധിച്ച്‌ പരിപാടി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍കോട്ടില്‍ ഉപഹാരംനല്‍കി. പ്രേംജിത്ത് പൊന്നാടയണിയിച്ചു. നീന്തല്‍പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സാക്ഷ്യപത്രം ഡോള്‍ഫിന്‍ രതീഷ് വിതരണംചെയ്തു.

സാഹസിക നീന്തലില്‍ വിസ്മയം തീര്‍ക്കുന്ന രതീഷിന് ഇംഗ്ലീഷ്  ചാനല്‍ നീന്തിക്കടക്കണം. വെറും നീന്തലല്ല. കൈകാലുകള്‍ബന്ധിച്ച്‌. ഡോള്‍ഫിന്റെ നീന്തല്‍ മാതൃകയില്‍ നീന്തുന്നതിന് സ്വതന്ത്രമായ കൈകാലുകള്‍ തടസ്സമാണെന്ന് മനസ്സിലാക്കിയാണ് കൈകാലുകള്‍കെട്ടി ഡോള്‍ഫിനെപോലെ നീന്താന്‍ തുടങ്ങിയതെന്ന് രതീഷ് പറഞ്ഞു.

2002-ലാണ് കൈയും കാലുംകെട്ടിയുള്ള നീന്തലില്‍ ആദ്യ പൊതുപരിപാടി നടത്തിയത്. 2003 -ല്‍ ശരീരം മുഴുവന്‍ പ്ലാസ്റ്റിക് ചാക്കുകൊണ്ട് മൂടിക്കെട്ടി വരിഞ്ഞ് അഷ്ടമുടി കായലില്‍ ഒരു കിലോമീറ്റര്‍ നീന്തി. 2012-സെപ്റ്റംബര്‍ 21-ല്‍ ലോകസമാധാന ദിനത്തില്‍ സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്തുകൊണ്ട് കൊല്ലം ബീച്ചില്‍ തീരത്തുനിന്ന്‌ അകലെ കൈയും കാലുംകെട്ടി 45 മിനിറ്റുകള്‍കൊണ്ട് 3.5 കിലോമീറ്റര്‍ നീന്തി റെക്കോര്‍ഡ് സ്ഥാപിച്ച്‌ മൂന്നാംവട്ടവും ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനംനേടി. മൂന്നുവട്ടം ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനംനേടിയ ഏക കേരളീയനാണ് ഡോള്‍ഫിന്‍ രതീഷ്.

Advertisements

ഇംഗ്ലീഷ് ചാനല്‍ നീന്തുകയെന്നത് ഒരു കായികതാരത്തെ സംബന്ധിച്ച്‌ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ഒന്നാണ്. ഏറ്റവും പ്രതിബന്ധം അതികഠിനമായ തണുപ്പാണ്. നിരവധി മാസങ്ങള്‍ കഠിനപരിശ്രമത്തിലൂടെ തണുപ്പുമായി പൊരുത്തപ്പെടണം. ഇതിനു വേണ്ടിവരുന്നത് അതിഭീമമായ ചെലവാണ് . ബല്‍ജിയത്തില്‍ താമസക്കാരനായ ഒരു ബ്രിട്ടീഷുകാരന്‍ സ്‌പോണ്‍സറാവാന്‍ താത്‌പര്യമറിയിച്ചിട്ടുണ്ട്. എന്നാലും വലിയ തുക സ്വന്തമായി കണ്ടെത്തണം. സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റു സംഘടനകളും സഹായിച്ചെങ്കില്‍ മാത്രമേ രതീഷിന് തന്റെ ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുള്ളൂ. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് ഈ 38- കാരന്‍.

Leave a Reply

Your email address will not be published. Required fields are marked *