KOYILANDY DIARY

The Perfect News Portal

കാപ്പാടന്‍ കൈപ്പുഴ നികത്തി അനധികൃത കെട്ടിട നിര്‍മാണം നടത്തുന്നതായി ആരോപണം

കൊയിലാണ്ടി: കാപ്പാടന്‍ കൈപ്പുഴ നികത്തി അനധികൃത നിര്‍മാണം നടത്തുന്നതായി ആരോപിച്ച്‌ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അക്രമം. പുഴ നികത്തി മത്സ്യഫാം നടത്തുന്നതെന്നാരോപിച്ച്‌ കാപ്പാട് വിളക്ക് മഠത്തില്‍ മോഹന്‍ദാസിന്റെ ഫാമിനും പുഴ കൈയേറി റിസോര്‍ട്ട് മാതൃകയില്‍ വീട് നിര്‍മിച്ചുവെന്നാരോപിച്ച്‌ കമ്ബിവളപ്പില്‍ മുഹമ്മദ് കോയയുടെ ഇരുനില കെട്ടിടത്തിനുനേരെയുമാണ് ആക്രമണമുണ്ടായത്.

വീടിന്റെ വാതില്‍പ്പാളികളും ജനല്‍പാളികളും ഇളക്കിമാറ്റി കൂട്ടിയിട്ടശേഷം തീകൊടുത്തതായി ആരോപണമുണ്ട്. വീട്ടിലെ ക്ലോസറ്റുകള്‍, മറ്റ് സാധനസാമഗ്രികള്‍ എന്നിവയും തകര്‍ത്തതായി മുഹമ്മദ് കോയ പറഞ്ഞു. വിവരമറിഞ്ഞ് കൊയിലാണ്ടിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീകെടുത്തി. മോഹന്‍ദാസിന്റെ മത്സ്യഫാമിന്റെ വേലികളാണ് തള്ളിയിട്ടത്. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.

കാപ്പാടന്‍ കൈപ്പുഴ നികത്തുന്നതിനെതിരേ സി.പി.എമ്മും ഡി.വൈ.എഫ്.ഐ.യും കെ.എസ്.കെ.ടി.യുവും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച വൈകീട്ട് പ്രദേശത്തേക്ക് ഡി.വൈ.എഫ്.ഐ. മാര്‍ച്ച്‌ നടത്തിയത്.

Advertisements

എന്നാല്‍, വീടിനുനേരെ നടന്ന ആക്രമമണവുമായി ബന്ധമില്ലെന്ന് ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് ബി.പി. ബബീഷ് പറഞ്ഞു. അഞ്ചുവര്‍ഷമായി ഇവിടെ മത്സ്യഫാം നടത്തുന്നുണ്ടെന്ന് ഫാം ഉടമ വിളക്ക് മഠത്തില്‍ മോഹന്‍ദാസ് പറഞ്ഞു. പുഴ നികത്തുകയോ കൈയേറുകയോ ചെയ്തിട്ടില്ല. പഞ്ചായത്ത് അനുമതിയോടെയാണ് വീട് നിര്‍മിച്ചതെന്ന് കമ്ബിവളപ്പില്‍ മുഹമ്മദ് കോയയും പറഞ്ഞു. രണ്ടുകൊല്ലം മുന്‍പ് വീടിന് നമ്ബര്‍ ലഭിച്ചിരുന്നു.

കെട്ടിടം അനധികൃതം -പഞ്ചായത്ത് പ്രസിഡന്റ്

ചേമഞ്ചേരി: കാപ്പാടന്‍ കൈപ്പുഴയോരത്തെ വിവാദത്തിനാധാരമായ കെട്ടിടം നിര്‍മിച്ചത് അനധികൃതമായിട്ടാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് പറഞ്ഞു. തീരദേശ പരിപാലനനിയമം(സി.ആര്‍.സെഡ്) അനുസരിച്ച്‌ കെട്ടിടത്തിന് ഒരുപ്രകാരത്തിലും അനുമതി കൊടുക്കാനാവില്ല. അനധികൃത കെട്ടിടങ്ങള്‍ക്ക് ചില സാഹചര്യത്തില്‍ നമ്ബര്‍ കൊടുക്കാറുണ്ട്. അങ്ങനെ വല്ലരീതിയിലും ഇതിന് നമ്ബര്‍ കൊടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *