KOYILANDY DIARY

The Perfect News Portal

കനകദുര്‍ഗയുടെ നാട്ടില്‍ നാമജപപ്രതിഷേധം; കടയടപ്പിക്കല്‍, സംഘര്‍ഷം

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ കനകദുര്‍ഗയുടെ നാട്ടില്‍ ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. കനകദുര്‍ഗയുടെ വീടിന് സമീപമുളള മലപ്പുറം അങ്ങാടിപ്പുറം ടൗണിലാണ് ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിനിടെ വാഹനയാത്രക്കാരെ തടയാനും കടകള്‍ അടപ്പിക്കാനുമുളള ശ്രമങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ബിന്ദുവിനൊപ്പം കനകദുര്‍ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്ന ഘട്ടത്തില്‍ തന്നെ കനകദുര്‍ഗയുടെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെ നിലപാടിനെ കുടുംബം തളളിക്കളഞ്ഞ പശ്ചാത്തലത്തില്‍ വീടില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുളള അങ്ങാടിപ്പുറം ടൗണില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപിയും ശബരിമലകര്‍മ സമിതിയും തീരുമാനിക്കുകയായിരുന്നു.

ശബരിമല യുവതീപ്രവേശനത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കനകദുര്‍ഗയുടെ സഹോദരന്‍ ഭരത്ഭൂഷണ്‍ വെളിപ്പെടുത്തിയിരുന്നു.സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറുമാണ് ഇതിനു പിന്നിലെന്നും ഭരത് ഭൂഷണ്‍ ആരോപിച്ചു. കനകദുര്‍ഗയെ കണ്ണൂരിലാണ് ഒളിപ്പിച്ചത്. സിപിഎം നേതാക്കള്‍ പലവട്ടം വിളിച്ചു സംസാരിച്ചു. ഇതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു

Advertisements

ഡിസംബര്‍ 24ന് കനകദുര്‍ഗ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും മല ചവിട്ടാന്‍ സാധിച്ചിരുന്നില്ല. വീട്ടില്‍ പറയാതെയാണ് കനകദുര്‍ഗ ശബരിമലയില്‍ എത്തിയതെന്ന് അവരുടെ ഭര്‍ത്താവ് അന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ജോലി സംബന്ധമായ ആവശ്യത്തിനെന്നാണു പറഞ്ഞതെന്നും ശബരിമലയില്‍ പോയതിനെക്കുറിച്ച്‌ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *