കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം സപ്തംബറില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം സപ്തംബറില്‍ നടക്കുമെന്നുറപ്പായതോടെ ഉദ്ഘാടനത്തോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു.
സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിമാനകമ്പനികളുമായി ഈ മാസം 27ന് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപത് രാജുവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യമറിയിച്ചത്.

വ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ വച്ചാണ് ചര്‍ച്ച നടത്തുക. ലൈസന്‍സ്, വിമാന കമ്പനികള്‍ക്ക് അനുമതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. തുടര്‍ന്നാണ് വിമാന കമ്പനികളുമായി ഈ മാസം 27ന് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു. പുതിയതായി നിര്‍മിക്കാന്‍ പോകുന്ന ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

