KOYILANDY DIARY

The Perfect News Portal

കടത്തനാടിൻ്റെ മണ്ണില്‍ കളരി അക്കാദമി ചുവടുറപ്പിക്കുന്നു

വടകര: പതിന്നാലുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം കളരി അക്കാദമി കടത്തനാടിന്റെ മണ്ണില്‍ ചുവടുറപ്പിക്കുന്നു. സംസ്ഥാന ബജറ്റില്‍ അക്കാദമി കെട്ടിടനിര്‍മാണത്തിന് ഫണ്ട് അനുവദിച്ചതോടെയാണിത്. അക്കാദമി നിലവില്‍വന്ന് 14 വര്‍ഷത്തിനു ശേഷമാണ് കെട്ടിടനിര്‍മാണം ബജറ്റില്‍ വരുന്നതെന്ന പ്രത്യേകതയുമുണ്ട്.

പുതിയാപ്പില്‍ നഗരസഭ അനുവദിച്ച 54 സെന്റ് സ്ഥലത്താണ് അക്കാദമി പണിയുക. നേരത്തേ കീഴല്‍ പത്തായക്കുന്നിലെ മൂന്നേകാല്‍ ഏക്കറിലെ ഒരേക്കര്‍ സ്ഥലമാണ് അക്കാദമിക്കായി അനുവദിച്ചിരുന്നത്. കാലങ്ങളായിട്ടും ഇത് ഉപയോഗപ്പെടുത്താതെ വന്നതോടെ നഗരസഭ ലൈഫ് മിഷന്‍ പദ്ധതിപ്രകാരം സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് നിര്‍മിക്കുന്ന ഫ്ളാറ്റിനായി രണ്ടേകാല്‍ ഏക്കര്‍ സ്ഥലം നല്‍കി. ഇതോടെ കളരി അക്കാദമി സ്വപ്‌നം പൊലിഞ്ഞെന്ന് കരുതിയെങ്കിലും പുതിയാപ്പിലെ സ്ഥലം നഗരസഭ വിട്ടുനല്‍കിയതോടെ പ്രതിസന്ധി ഒഴിവായി. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയതോടെ ഈ ബജറ്റില്‍തന്നെ ഫണ്ട് കിട്ടാനും വഴിയൊരുങ്ങി.

 

2005 അവസാനമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ വടകര കേന്ദ്രമായി കളരി അക്കാദമി അനുവദിച്ചത്. ആ വര്‍ഷം ഡിസംബറില്‍ത്തന്നെ നഗരസഭയുടെ നേതൃത്വത്തില്‍ പാലോളിപ്പാലത്ത് ഓഫീസ് തുറന്നു. ശക്തമായ കമ്മിറ്റി രൂപവത്കരിച്ച്‌ കളരിപരിശീലനവും തുടങ്ങി. മൂന്നുമാസം കളരിപരിശീലനം നന്നായി മുന്നോട്ടുനീങ്ങിയെങ്കിലും പിന്നീട് ഫണ്ട് കിട്ടിയില്ല. വീണ്ടും മൂന്നുമാസം ക്ലാസ് നടന്നു. പിന്നീടങ്ങോട്ട് അക്കാദമിയുടെ പ്രവര്‍ത്തനം നിലച്ചു.

Advertisements

 

നഗരസഭ സ്ഥലം വിട്ടുനല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. പാലോളിപ്പാലത്തെ ഓഫീസ് കെട്ടിടത്തിനു മുകളിലെ ബോര്‍ഡില്‍ മാത്രമൊതുങ്ങി അക്കാദമി. സര്‍ക്കാരുകള്‍ മാറിവരുമ്ബോള്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കുമെന്നല്ലാതെ മറ്റൊന്നും നടന്നില്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും പുതിയ കമ്മിറ്റി നിലവില്‍വന്നിരുന്നു.

ഇതിനിടെയാണ് നേരത്തേ അനുവദിച്ച സ്ഥലം നഷ്ടമായത്. ഇതുസംബന്ധിച്ച്‌ മാതൃഭൂമി നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കളരി, കളരി മ്യൂസിയം, ഓപ്പണ്‍ എയര്‍ സ്റ്റേജ്, ഹോസ്റ്റല്‍, കളരിചികിത്സാ കേന്ദ്രം, റിസര്‍ച്ച്‌ സെന്റര്‍ എന്നിവയാണ് നേരത്തേ കളരി അക്കാദമിയില്‍ ലക്ഷ്യമിട്ടത്. ഇപ്പോള്‍ 54 സെന്റ് സ്ഥലമേ ഉള്ളൂ എന്നതിനാല്‍ ഇതെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമോ എന്നത് സംശയകരമാണ്. എങ്കിലും പുതിയ സ്ഥലം വടകര ടൗണില്‍നിന്ന് വളരെ അടുത്താണ് എന്ന പ്രത്യേകതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *