ഓഫ്ഡ്യൂട്ടിയിലും കർമ്മനിരതനായി അഗ്നിശമന സേനാംഗം: ആടിന് പുതു ജീവൻ

ചെറുവണ്ണൂർ തെക്കെകല്ലുള്ള പറമ്പിൽ ദിനേഷന്റെ കിണറ്റിൽ വീണ ആടിന് രക്ഷകനായി ഓഫ് ഡ്യൂട്ടിയിലും കർമ്മനിരതനായി ഫയർ & റെസ്ക്യൂ ഓഫീസർ ഷിജു. വിവരമറിഞ്ഞതിനെത്തുടർന്ന് വീട്ടുടമസ്ഥൻ തൻറെ നാട്ടുകാരനായ കൊയിലാണ്ടി ഫയർസ്റ്റേഷനിലെ ഫയർ & റെസ്ക്യൂ ഓഫീസർ ഷിജുവിനെ ബന്ധപ്പെടുകയും ഉടൻതന്നെ ഓഫ് ഡ്യൂട്ടിയിലായ ഷിജു സംഭവസ്ഥലത്തെത്തി ഫയർ സ്റ്റേഷനിലേക്ക് വിവരം വിളിച്ചു പറഞ്ഞു. പക്ഷേ നിലയില്ലാ വെള്ളത്തിൽ നീന്തി തളർന്ന ആടിനു പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം ആവശ്യമായിരുന്നെന്ന് ഷിജു മനസിലാക്കി.

ഇത് മനസ്സിലാക്കിയ ഷിജു ഉടൻതന്നെ കിണറു പരിശോധിച്ച് അപകട സാധ്യത ഇല്ല എന്നുറപ്പു വരുത്തി നാട്ടുകാരുടെ സഹായത്തോടെ 15 മീറ്ററോളം ആഴമുള്ള കിണറ്റിലേക്ക് കയർ ഉപയോഗിച്ച് അരയ്ക്ക് ബോലൈൻ (Bow line) കെട്ടി ഇറങ്ങുകയും കൂടെ നെറ്റ് താഴ്ത്തി നീന്തി തളർന്ന ആടിനെ അതിലേക്ക് എടുതിടുകയും കരയ്ക്കെത്തിച്ചു രക്ഷപ്പെടുത്തുകയും ചെയ്തു.


തൻറെ ഡ്യൂട്ടി ടൈം അല്ലാതിരുന്നിട്ടു പോലും വീട്ടുടമസ്ഥന്റെയും ആടിന്റെയും ദയനീയാവസ്ഥ കണ്ട് സമചിത്തതയോടെ കാര്യങ്ങൾ നീക്കി രക്ഷാപ്രവർത്തനം നടത്തിയ ഷിജു അഭിനന്ദനമർഹിക്കുന്നു. അടച്ചുറപ്പുള്ള നാല് ചുമരിനുള്ളിലെ സുരക്ഷിതത്വത്തിൽ ജോലിചെയ്യുകയും തന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞ് അഞ്ച് മിനിറ്റ് പോലും അധിക ജോലി എടുക്കാതെ വീട്ടിലേക്ക് മടങ്ങുന്ന ജോലിക്കാർ ഉള്ള നമ്മുടെ നാട്ടിൽ ഒരു ഫയർമാന്റെ ഉത്തരവാദിത്വം മുഴുവൻ സമയവും കർമ്മനിരതനായിരിക്കുക്കയണെന്നും ഷിജു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒരു അഗ്നിശമന സേനാഗം എന്ന നിലയിൽ ആർജിച്ചെടുത്ത കഴിവും പ്രവർത്തന സന്നദ്ധതയും തക്കസമയത്ത് സഹജീവിക്കുവേണ്ടി പ്രയോജനപ്പെടുത്തിയ ഷിജുവിന് സഹപ്രവർത്തകരും നാട്ടുകാരും അഭിനന്ദിച്ചു.


