ഓണപൊട്ടനു നേരെ ആർ. എസ്. എസ്. അക്രമം: പ്രതിഷേധം വ്യാപകമാവുന്നു

വടകര > തിരുവോണനാളില്‍ ഓണപൊട്ടന്‍ വേഷം കെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ തെയ്യം കലാകാരനെ ആര്‍എസ്എസുകാര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. പകല്‍ രണ്ടരയോടെ സജേഷിനെ വിഷ്ണുമംഗലം അത്തിയോട്ട് ക്ഷേത്ര പരിസരത്തുവച്ച് ആകമിച്ചത്. മത്തത്ത് പ്രണവ്, തെക്കേക്കണ്ടിയില്‍ നവീന്‍, ചെറിയ തെറ്റത്ത് താഴെക്കുനി അനീഷ് എന്നിവരാണ് പ്രതികള്‍. ഓണപൊട്ടനായി ഒറ്റ മലയന്റെ മോനും ഇവിടെ കോലം കെട്ടേണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനം. നിലത്തുവീണ സജേഷിനെ മൂവരും ചേര്‍ന്ന് ചവിട്ടുകയും ചെയ്തു. കൊയിലാണ്ടി ചേലിയ സ്വദേശിയായ സജേഷ് ഡി. വൈ. എഫ്. ഐ. ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി അംഗമാണ്. ഇപ്പോൾ കുറച്ചുനാളായി നാദാപുരം ചിയ്യൂരിലെ അച്ഛന്റെ തറവാട് വീട്ടിലാണ് താമസം.
ഉത്രാടം നാളില്‍ സമീപത്തെ വീടുകളില്‍ പോയി ഓണപ്പൊട്ടനെ ബഹിഷ്കരിക്കാന്‍ ഇവര്‍ നിര്‍ദേശിച്ചിരുന്നു. ഓണപൊട്ടന്‍ ഹൈന്ദവ വിരുദ്ധമാണെന്നും വാതിലുകള്‍ തുറക്കാന്‍ പാടില്ലെന്നും പറഞ്ഞു. ഓണം വാമനജയന്തിയായി ആഘോഷിക്കാനുള്ള സംഘപരിവാറിന്റെ ശ്രമമാണ് ഓണപൊട്ടനെതിരായ പ്രചാരണത്തിന് പിന്നിലെന്ന് കരുതുന്നു.
വടക്കേ മലബാറില്‍ ഓണത്തോടനുബന്ധിച്ച് വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന തെയ്യം കലാരൂപമാണ് ഓണപ്പൊട്ടന്‍. മഹാബലിയാണ് ഓണപൊട്ടനായി വരുന്നതെന്നാണ് വിശ്വാസം. മലബാറിലെ പ്രധാന തെയ്യം കലാകാരന്മാരായ മലയ സമുദായക്കാര്‍ വ്രതമെടുത്താണ് ഓണപ്പൊട്ടനാകുന്നത്. മണിയും ഓലക്കുടയും തോളില്‍ തുണിസഞ്ചിയുമായാണ് പൊട്ടന്‍ വിരുന്നെത്തുക. മലബാറിലെ പ്രശസ്തമായ തെയ്യം കലാകാരന്മാരാണ് സജേഷിന്റെ കുടുംബം. പ്രദേശത്തെ ജന്മാരിയാണ് സജേഷിന്റെ അച്ഛന്‍ ചിയ്യൂര്‍ രാജന്‍. വാര്‍ധക്യസംബന്ധമായ പ്രയാസം കാരണം ഇദ്ദേഹം മാറിനിന്നതുകൊണ്ടാണ് സജേഷ് കുലത്തൊഴില്‍ പിന്തുടര്‍ന്നത്. പ്രശസ്തങ്ങളായ അഗ്നിഘണ്ടാകര്‍ണന്‍, ഗുളികന്‍, ഭഗവതി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടി ചെറിയ പ്രായത്തില്‍ തന്നെ പേരെടുത്ത കലാകാരനാണ് സജേഷ്.

