ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുകളില്‍ മരം വീണു
പേരാമ്പ്ര: ശനിയാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും ചങ്ങരോത്ത്, പേരാമ്പ്ര, നൊച്ചാട്, ചെറുവണ്ണൂര്‍ പഞ്ചായത്തുകളില്‍ വ്യാപക നാശനഷ്ടം. കടിയങ്ങാട് പാലത്തിനു സമീപം ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനുമുകളിലും രണ്ടു ബൈക്കുകളിലും മരം വീണു. പരിക്കേറ്റ ബൈക്ക് യാത്രികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ടുനിന്നും കുറ്റ്യാടിക്ക് വരുകയായിരുന്ന അജ്വ ബസിനു മുകളിലാണ് മരം വീണത്. നാട്ടുകാരും പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ആവളയും പള്ളിയത്തും റോഡില്‍ മരം വീണ് ഗതാഗതം മുടങ്ങി. കൈതക്കലില്‍ വീടിനു മുകളില്‍ മരം വീണ് വീട് തകര്‍ന്നു. പേരാമ്പ്രയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
