KOYILANDY DIARY

The Perfect News Portal

ഓഖി ദുരന്തം: ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരില്‍ മൃതദേഹം തിരിച്ചറിഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. സഹായധനം രണ്ടുദിവസത്തിനകം കൈമാറും. ഡിസംബര്‍ 30ന് 25 പേരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കിയിരുന്നു. ഇതിനുശേഷം തിരിച്ചറിഞ്ഞ 19 പേരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അന്വേഷണവും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അക്കൌണ്ടുകള്‍ ആരംഭിച്ചു. ആവശ്യമായ ഫണ്ടും അനുവദിച്ചു. ഈ തുക അക്കൌണ്ടുകളിലേക്ക് മാറ്റുന്ന പ്രക്രിയ മാത്രമേ അവശേഷിക്കുന്നുള്ളൂ. ചുഴലിക്കാറ്റില്‍ കാണാതായവരെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. തിരുവനന്തപുരം ജില്ലക്കാരാണ് കാണാതായവരെല്ലാം. 108 പേരെ കണ്ടെത്താനുണ്ട്.

കാണാതായവരുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ്, ഫിഷറീസ്, റവന്യുവകുപ്പുകള്‍ പ്രത്യേകം അന്വേഷിക്കും. ഇതിനുശേഷം റിപ്പോര്‍ട്ട് കലക്ടര്‍ അധ്യക്ഷനായ ജില്ലാതല സമിതിക്ക് നല്‍കും. ഇവരുടെ പരിശോധനയ്ക്കുശേഷമാവും കാണാതായവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം അനുവദിക്കുക. മൂന്നുമാസത്തിനകം ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. അതുവരെ മാസം 10,000 രൂപ വീതം നല്‍കും. കേരളത്തില്‍ ഇതുവരെ 46 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 44 എണ്ണം തിരുവനന്തപുരം ജില്ലയിലും ഓരോന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ്.

ചുഴലിക്കാറ്റില്‍ വീടുനഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള കണക്കെടുപ്പാരംഭിച്ചു. ഫിഷറീസ്, റവന്യൂ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കണക്കെടുപ്പ്. പൂര്‍ണമായി വീടുനഷ്ടപ്പെട്ടവരെയും ഭാഗികമായി നാശം നേരിട്ടവരെയും പുനരധിവസിപ്പിക്കും. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലായി ഭാഗികമായി തകര്‍ന്ന 1500 ഓളം വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു. മരിച്ചവരുടെ ആശ്രിതരിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കാനും നടപടി ആരംഭിച്ചു.

Advertisements

ആശ്രിതരില്‍ ഒരാള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച്‌ ജോലിനല്‍കും. ജോലിക്ക് അപേക്ഷ നല്‍കണം. ആശ്രിത നിയമനത്തിന്റെ മാനദണ്ഡമനുസരിച്ചാകും നിയമനം. മറ്റ് ആശ്രിതരുടെ നിരാക്ഷേപ പത്രവും (എന്‍ഒസി) ഹാജരാക്കണം. വീടു നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് ദീര്‍ഘകാല പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഇതിനുള്ള ധനസഹായം ഉള്‍പ്പെടെയാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിരിക്കുന്ന 7342 കോടി രൂപയുടെ ദീര്‍ഘകാല പായ്ക്കേജിലുള്ളത്. പായ്ക്കേജില്‍ ആവശ്യപ്പെട്ടിരിക്കുന്നതുകയില്‍ 3030 കോടി രൂപയും മല്‍സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ താമസ സൌകര്യം ഒരുക്കുന്നതിനാണ്.

Leave a Reply

Your email address will not be published. Required fields are marked *