KOYILANDY DIARY

The Perfect News Portal

ഒഞ്ചിയം സമര ധീരതക്ക് സ്മാരകം ഒരുങ്ങുന്നു

കോഴിക്കോട്: ഒഞ്ചിയം പോരാട്ട ചരിത്രത്തെ ചോരയാൽ ചുവപ്പിച്ച ഒഞ്ചിയം സമര ധീരതക്ക് സ്മാരകം ഒരുങ്ങുന്നു. രക്തസാക്ഷിത്വത്തിന്റെ  75ാം വാർഷികാചരണത്തിന്റെ ഭാഗമായി നിർമിക്കുന്ന സ്മാരക മന്ദിരത്തിന്‌ ശനിയാഴ്ച വൈകിട്ട് നാലിന്‌ സി.പി.ഐ. എം ജില്ലാ സെക്രട്ടറി പി മോഹനൻ തറക്കല്ലിടും. ഒഞ്ചിയം അമ്പലപറമ്പിൽ വാങ്ങിയ 13 സെന്റിലാണ്  മന്ദിരം നിർമിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ഓഫീസും ഹാളും സാംസ്കാരിക കേന്ദ്രവും അടങ്ങുന്നതാണ് സ്മാരകം. ‘മതേതര മനുഷ്യന് കൂടിച്ചേരാനുള്ള ഒരിടം’ എന്നാണ് സ്മാരകത്തെ വിശേഷിപ്പിക്കുന്നത്. പ്രാണൻ പോകും വരെ ചെങ്കൊടി ഉയർത്തിപ്പിടിച്ച എട്ടു പോരാളികൾ പിടഞ്ഞുവീണ ചെന്നാട്ട്താഴയിലെ രക്തസാക്ഷി സ്ക്വയറിന് വിളിപ്പാടകലെ അമ്പലപറമ്പിൽ ഒരുങ്ങുന്ന മന്ദിരം ഭാവിതലമുറക്ക്‌ ചരിത്ര പാഠപുസ്തകമാവും. 

1948 ഏപ്രിൽ 30ന്റെ പ്രഭാതത്തിലെ പൊലീസ് വെടിവയ്‌പ്പിൽ എട്ടു പോരാളികളാണ് രക്തസാക്ഷികളായത്. കോൺഗ്രസ് ദേശരക്ഷാ സേനയുടെ നിർദേശത്തിലാണ് അന്ന് ഒഞ്ചിയത്ത്‌ പൊലീസെത്തിയത്. കമ്യൂണിസ്റ്റ് പാർടി കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റി യോഗത്തിലെത്തുന്ന നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. വിവരം അറിഞ്ഞ പ്രവർത്തകർ യോഗസ്ഥലം മാറ്റി. അരിശംപൂണ്ട പൊലീസ്  രണ്ടു പേരെ അകാരണമായി കസ്റ്റഡിയിലെടുത്തു. ഇതിനെ നാട്ടുകാർ ചോദ്യംചെയ്തു.അനീതിയോടെതിർപ്പാനുള്ള വാഗ്ഭടാനന്ദന്റെ സമര സന്ദേശം ജ്വലിച്ച മണ്ണിൽ ചെറുത്തുനിൽപ്പിന്റെ ശബ്ദമുയർന്നു.

അളവക്കൻ കൃഷ്ണൻ, മേനോൻ കണാരൻ, വട്ടക്കണ്ടി രാഘൂട്ടി, പാറോള്ളതിൽ കണാരൻ, പുറവിൽ കണാരൻ, വി പി ഗോപാലൻ, സി കെ ചാത്തു, കെ എം ശങ്കരൻ എന്നിവർ പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടു. ഭീകര മർദനത്തെ തുടർന്ന്‌ പിന്നീട്‌ ഒഞ്ചിയത്തിന്റെ സമര സൂര്യൻ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും രക്തസാക്ഷികളായി. ചരിത്ര മുന്നേറ്റത്തിന് വിത്തുപാകിയ സ്മരണകൾക്ക് ആദരവേകാൻ സിപിഐ എം നേതൃത്വത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

Advertisements


Leave a Reply

Your email address will not be published. Required fields are marked *