KOYILANDY DIARY

The Perfect News Portal

ഐടി മേഖലയില്‍ തൊഴില്‍ നിയമങ്ങളിലെ ഇളവുകള്‍ അവസാനിക്കുന്നു

ബംഗളൂരു> കര്‍ണാടകയിലെ ഐടി, ഐടി അധിഷ്ഠിത വ്യവസായങ്ങളെ ഇന്റസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്റിങ്ങ് ഓഡേഴ്‌സ് ആക്റ്റില്‍ നിന്നും ഒഴിവാക്കികൊണ്ട് കര്‍ണാടക സര്‍ക്കാര്‍ 2014 ജനവരിയില്‍ ഇറക്കിയ ഉത്തരവിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുത്ത് യഥേഷ്ടം ചൂഷണം ചെയ്യാന്‍ അവസാരമൊരുക്കുന്നതായിരുന്നു തൊഴില്‍ നിയമങ്ങളില്‍ നിന്ന് ഐടി മേഖലയെ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ്. ഐടി മേഖലയില്‍ കൂടുതല്‍ കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനെന്നപേരില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന തൊഴില്‍ ചുഷണങ്ങള്‍ക്കാണ് ഇതോടെ അറുതിവരുന്നത്.

ഐടി തൊഴിലാളികളുടെ റെജിസ്‌ട്രേഡ് ട്രേഡ് യൂണിയനായ കര്‍ണാടക സ്റ്റേറ്റ് ഐടി / ഐ ടി ഇ എസ് എംപ്ലോയ്സ് യൂണിയന്‍ (കെഐടിയു) നടത്തിയ സമരങ്ങളാണ് സര്‍ക്കാരിനെ മാറ്റി ചിന്തിപ്പിച്ചത്. യാതൊരു മാനദണ്ഡവുമില്ലാതെയുള്ള കുട്ടപിരിച്ചുവിടലുകളോടും തൊഴില്‍ മേഖലയിലെ കടുത്ത അരക്ഷിതാവസ്ഥയോടും പടവെട്ടിയാണ് തൊഴിലാളികള്‍ സമരം നടത്തിയത്. കഴിഞ്ഞ ദിവസം കെഐടിയു പ്രതിനിധികളെയും നാസ്‌കോം പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ത്രികക്ഷി ചര്‍ച്ച പുതിയ മാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ജനുവരി 3ന് കെ ഐ ടി യു പ്രതിനിധികള്‍ ലേബര്‍ സെക്രട്ടറിയെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തുകയും സ്റ്റാന്‍ഡിങ് ഓര്‍ഡേര്‍സ് ആക്ടില്‍ നിന്നും ഐടി മേഖലയ്ക്ക് നല്‍കി വരുന്ന ഇളവ് നീട്ടി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റ തുടര്‍ച്ചയായിരുന്നു ഇന്നലെ നടന്ന ത്രികക്ഷി ചര്‍ച്ച.

കഴിഞ്ഞ പൊതുപണിമുടക്കിനോടനുബന്ധിച്ചു സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെഐടിയുവിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് ഐ ടി തൊഴിലാളികള്‍ ബെംഗളൂരു നഗരത്തില്‍ നടത്തിയ ബൈക്ക് റാലി വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Advertisements

തൊഴിലാളി പ്രസ്ഥാനങ്ങളേയും തൊഴില്‍ നിയമങ്ങളേയും വെല്ലുവിളിച്ചു പ്രവര്‍ത്തിച്ചു വന്നിരുന്ന നാസ്‌കോമിനെ ഒരു ട്രേഡ് യൂണിയനുമായി ചര്‍ച്ചയ്ക്ക് ഒരു മേശയ്ക്കു ചുറ്റും എത്തിക്കാന്‍ സാധിച്ചു എന്നുള്ളത് ഈ മേഖലയിലെ തൊഴിലാളികളുടെ ചരിത്രപരമായ ചുവടുവെപ്പാണ്. കര്‍ണാടക വികാസ് സൗധയില്‍ വെച്ച്‌ സംസ്ഥാന തൊഴില്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അംലന്‍ ആദിത്യ ബിശ്വാസ് വിളിച്ചു ചേര്‍ത്ത ത്രികക്ഷി ചര്‍ച്ചയില്‍ കെഐടിയു പ്രസിഡന്റ് വി ജെ കെ നായര്‍, സെക്രട്ടറി സൂരജ് നിടിയങ്ങ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *