KOYILANDY DIARY

The Perfect News Portal

എസ്‌എഫ്‌ഐ സംഘടിപ്പിക്കുന്ന മേഖലാ ജാഥകള്‍ക്ക് തുടക്കം

തിരുവനന്തപുരം:  നിരോധനങ്ങളുടെ കാലത്ത് നിശ്ശബ്ദമാകാത്ത ക്യാമ്പസ് മുദ്രാവാക്യമുയര്‍ത്തി എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖലാ ജാഥകള്‍ക്ക് തുടക്കം. സംസ്ഥാന സെക്രട്ടറി എം വിജിന്‍ ക്യാപ്റ്റനായ വടക്കന്‍മേഖലാ ജാഥ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് ക്യാപ്റ്റനായ തെക്കന്‍ മേഖലാജാഥ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്തു.

ഒക്ടോബര്‍ അഞ്ചുവരെ 130 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. കലാലയരാഷ്ട്രീയത്തിന് നിയമനിര്‍മാണം നടത്തുക, ദേശീയ വിദ്യാഭ്യാസനയം വിദ്യാര്‍ഥിപക്ഷമാക്കുക, മതനിരപേക്ഷ കലാലയം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജാഥ പ്രധാനമായും ഉയര്‍ത്തുന്നത്. ഒക്ടോബര്‍ അഞ്ചിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ജാഥകള്‍ സംഗമിക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന റാലിയും സംഘടിപ്പിക്കും.

വടക്കന്‍ മേഖലാജാഥ ഉദ്ഘാടനത്തില്‍ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ വിനോദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി എച്ച്‌ കുഞ്ഞമ്ബു, കെ വി കുഞ്ഞിരാമന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ മഹേഷ് സ്വാഗതം പറഞ്ഞു.

Advertisements

ജാഥയുടെ മുന്നോടിയായി കാസര്‍കോട് നഗരം കേന്ദ്രീകരിച്ച്‌ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന പ്രകടനം നടന്നു. ബുധനാഴ്ച രാവിലെ പത്തിന് പെരിയാട്ടടുക്കത്തുനിന്ന് ജാഥ പ്രയാണമാരംഭിക്കും. 11ന് കാഞ്ഞങ്ങാട് നെഹ്റു കോളേജ്, 12ന് നീലേശ്വരം മാര്‍ക്കറ്റ്, 1.30ന് ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം കാലിക്കടവില്‍ സമാപനം.
തെക്കന്‍മേഖലാജാഥ ഉദ്ഘാടനത്തില്‍ ജില്ലാപ്രസിഡന്റ് വി വിനീഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടി, ജെയ്ക് സി തോമസ്, ജാഥ മാനേജര്‍ മുഹമ്മദ് അഫ്സല്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എ എ റഹീം, ജില്ലാ സെക്രട്ടറി ഐ സാജു, സംസ്ഥാന കമ്മിറ്റി അംഗം എസ് ഷിജുഖാന്‍, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ബിജു, കെ എസ് സുനില്‍കുമാര്‍, ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദര്‍ എന്നിവര്‍ സംസാരിച്ചു. ബുധനാഴ്ച രാവിലെ 9.30ന് വെള്ളറടയില്‍നിന്നാരംഭിക്കുന്ന ജാഥ, 10.30ന് പാറശാല, 11.30ന് കോവളം 12.30ന് നെയ്യാറ്റിന്‍കര, 2.30ന് കാട്ടാക്കട, മൂന്നിന് വിളപ്പില്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം വൈകിട്ട് 4.30ന് നേമത്ത് സമാപിക്കും.

കേന്ദ്രകമ്മിറ്റിയംഗങ്ങളായ ലിന്‍ഡോ ജോസഫ്, എസ് ആര്‍ ആര്യ, സെക്രട്ടറിയറ്റംഗങ്ങളായ എം എസ് സെബിന്‍, സജിത് പി ആനന്ദ്, സംസ്ഥാന കമ്മിറ്റിയംഗം ശില്‍പ്പ സുരേന്ദ്രന്‍ എന്നിവരാണ് വടക്കന്‍മേഖലാ ജാഥാംഗങ്ങള്‍.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഖദീജത്ത് സുഹൈല, അഥീന സതീഷ്, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ശ്യാം മോഹന്‍, ശ്യാം പ്രസാദ്, റോസല്‍രാജ് എന്നിവരാണ് തെക്കന്‍മേഖലാ ജാഥാംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *