KOYILANDY DIARY

The Perfect News Portal

എറണാകുളത്ത് കളിപ്പാട്ട കടയ്ക്ക് തീപിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടം

കൊച്ചി: എറണാകുളത്ത് ബ്രോഡ്വേയിലെ കളിപ്പാട്ട കടയ്ക്ക് തീപിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടം. ബ്രോഡ്വേയില്‍ പോസ്റ്റ് ഓഫീസിന് വടക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗെയിംസ് ഓണ്‍ എന്ന അഞ്ചു വയസില്‍ താഴെ പ്രായമായ കുട്ടികള്‍ക്കായുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടയാണ് അഗ്നിക്കിരയായത്. പുലര്‍ച്ചെ നാലുമണിയോടെയാണ് തീപിടുത്തമുണ്ടായത്. 35 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയിലുണ്ടായിരുന്ന കളിപ്പാട്ടങ്ങള്‍, കുട്ടി ഉടുപ്പുകള്‍, കുട്ടികള്‍ക്കാവശ്യമ്മായ മറ്റു ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് കത്തിയമര്‍ന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളും കത്തിയവയില്‍ പെടും. കമ്പ്യൂട്ടറുകളും രേഖകളും കത്തിച്ചാമ്പലായി.

രാവിലെ മാര്‍ക്കറ്റില്‍ എത്തിയ കച്ചവടക്കാരാണ് തീപിടിച്ചത് ആദ്യം കണ്ടത്. കടയുടെ ഷട്ടറിനിടയിലൂടെ പുക പുറത്തേക്കുവന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഷട്ടര്‍ തുറന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പാരജയപ്പെട്ടു. സംഭവം അറിഞ്ഞ് ക്ലബ്ബ് റോഡില്‍ നിന്നാണ് ആദ്യ യൂണിറ്റ് അഗ്നിശമനസേന എത്തിയത്. പിന്നീട്, ഗാന്ധിനഗറില്‍ നിന്ന് മൂന്ന് യൂണിറ്റുകള്‍ കൂടിയെത്തി. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആലുവ മാറമ്പള്ളി മാനാട്ടുകുഴിയില്‍ അലിയാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കട. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *