KOYILANDY DIARY

The Perfect News Portal

പ്രതിമകൾ നാട് വിട്ടു

കൊയിലാണ്ടി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ദേശീയപാതയോരത്ത് തിരുവങ്ങൂരിൽ പ്രതിമ നിർമ്മാണം നടത്തി ഉപജീവനം കഴിഞ്ഞ് വരുന്ന രാജസ്ഥാൻ കുടുംബങ്ങൾ സ്വദേശത്തേക്ക് മടങ്ങി. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ഇവരുടെ തൊഴിലിടവും, താമസസ്ഥലവും പൊളിച്ചുമാറ്റുകയാണ്. ഇവിടെ നിന്നും ഒഴിയാൻ അതോറിറ്റി നോട്ടീസ് നൽകി. ആറോളം കുടുംബങ്ങളാണ് ഇവിടെ ദേവ വിഗ്രഹങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തി ഉപജീവനം നടത്തിവരുകയായിരുന്നു. കൃഷ്ണ വിഗ്രഹങ്ങളും, മറ്റും പാതയോരത്ത് നിരത്തി വെക്കുന്ന കാഴ്ച ഇനി ഓർമകൾ മാത്രമാകും. ദേശീയപാതയോരത്തുകൂടെ പോകുന്നവർക്ക് വെങ്ങളത്തെത്തുമ്പോഴുള്ള പ്രധാന കാഴ്ചയായിരുന്നു ഇവരുടെ പ്രതിമ ശേഖരങ്ങൾ.

നാട്ടുകാരുടെ നിർലോഭമായ സഹായങ്ങളാണ് ഇത്രയും കാലം ഇവിടെ തുടരാൻ ഇവരെ പ്രേരിപ്പിച്ചത്. ഇവരുടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം, ചേമഞ്ചേരിയിലും, തിരുവങ്ങൂർ ഹയർ സെക്കണ്ടറിയിലുമായിരുന്നു. ലോക് ഡൌൺ സമയത്ത് ഇവരുടെ പഠനത്തിനും ഭക്ഷണത്തിനുമായി കെ.ദാസൻ എം.എൽ.എ. യുടെയും, മറ്റ് വിവിധ സംഘടനകളുടെയും സഹായങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു. മദ്യപിച്ച് പ്രതിമ വാങ്ങാനെത്തിയവർ കുടുംബത്തെ ആക്രമിച്ചപ്പോൾ പ്രദേശത്തെ നാട്ടുകാർ ഇവരുടെ രക്ഷകരായി എത്തിയിരുന്നു. നാട്ടിൽ പോയി തിരിച്ചെത്തിയ ശേഷം അനുയോജ്യമായ സ്ഥലംം കണ്ടെത്താമെന്നാണ് ഇവരുടെ കണക്ക് കൂട്ടൽ.

ഷെഡുകൾ പൊളിച്ച് നീക്കുന്നത് കണ്ടാണ് പലരും കാര്യങ്ങൾ അന്വേഷിക്കുന്നത്. പ്രതിമ നിർമ്മാണത്തിനുപയോഗിക്കുന്ന ഇവരുടെ സാധന സാമഗ്രികൾ സമീപത്തെ വീടുകളിൽ വെച്ചിരിക്കുകയാണ്. നാട്ടിൽ നിന്നും തിരിച്ചു വന്ന ശേഷം അനുയോജ്യയമായ സ്ഥലം കണ്ടെെത്തിയാൽ കുടുംബങ്ങളെെ തിരിച്ചു കൊണ്ടുവരാനാണ് തീരുമാനം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *