KOYILANDY DIARY

The Perfect News Portal

ഇ അഹമ്മദ് എംപി (78) അന്തരിച്ചു

ന്യൂഡല്‍ഹി  : പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീണ മുന്‍ കേന്ദ്രമന്ത്രിയും മുസ്ളിംലീഗ് ദേശീയ പ്രസിഡന്റുമായ ഇ അഹമ്മദ് എംപി (78) അന്തരിച്ചു.  രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.15 ഓടെയായിരുന്നു മരണം. മൃതദേഹം ദില്ലിയിലും കോഴിക്കോടും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കണ്ണൂരില്‍ ഖബറടക്കും. ഉച്ചക്ക് 12 വരെ ദില്ലിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വെക്കും .

രാവിലെ പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കവെയാണ് ഇ അഹമ്മദ് ഇരിപ്പിടത്തില്‍ തന്നെ കുഴഞ്ഞുവീണത്. ഉടന്‍ രാം മനോഹര്‍ലോഹ്യ ആശുപത്രിയില്‍ എത്തിച്ചു.  ഹൃദയാഘാതം ഉണ്ടായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍  ബോധമുണ്ടായിരുന്നില്ല. ഹൃദയ, നാഡിമിടിപ്പ് കുറവായിരുന്നു. തുടര്‍ന്നാണ് അടിയന്തര വൈദ്യസഹായം നല്‍കിയശേഷം വെന്റിലേറ്ററിലേക്കു മാറ്റിയത്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ എത്തിയ പ്രതിപക്ഷ നേതാക്കളെയും ബന്ധുക്കളെയും ആശുപത്രി അധികൃതര്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചുവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ വാര്‍ത്ത ചാനലുകള്‍ വഴി മരണ വാര്‍ത്ത പുറത്തുവിട്ടത്. അപ്പോഴും ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇത് ആശുപത്രിയില്‍ ബഹളത്തിനിടയാക്കി.

ചൊവാഴ്ച അര്‍ധരാത്രിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, അഹമ്മദ് പട്ടേല്‍,  ഗുലാംനബി ആസാദ്, മറ്റു പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ അഹമ്മദിനെ കാണാന്‍ എത്തിയത്. എന്നാല്‍, അഹമ്മദിനെ കാണാന്‍ ആശുപത്രി അധികൃതര്‍ ഇവരെ അനുവദിച്ചില്ല. വെന്റിലേറ്ററില്‍ കഴിയുന്ന അഹമ്മദിനെ കാണാന്‍ ബന്ധുക്കളെയും അനുവദിച്ചിരുന്നില്ല. വൈകിട്ട് അഹമ്മദിനെ കാണാനെത്തിയ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെയും ആശുപത്രിയില്‍ തടഞ്ഞിരുന്നു.

Advertisements

അഹമ്മദിനെ കാണാന്‍ അനുവദിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ബുധനാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ അഹമ്മദിന്റെ ആരോഗ്യനില പുറത്തുവിടാത്തതില്‍ ദുരൂഹതയുണ്ടെന്ന്ായിരുന്നു ആരോപണം.

മുസ്ളിംലീഗിന്റെ മുതിര്‍ന്ന നേതാവായ ഇ അഹമ്മദ് മലപ്പുറത്തെയാണ് ലോക്സഭയില്‍ പ്രതിനിധാനം ചെയ്യുന്നത്. 78കാരനായ അഹമ്മദ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യം, റെയില്‍വേ സഹമന്ത്രിസ്ഥാനം വഹിച്ചിരുന്നു. അഞ്ച് തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1982ല്‍  സംസ്ഥാന വ്യവസായ മന്ത്രിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *