ഇരുമ്പ് ചങ്ങലയില്‍ ബന്ധിക്കപ്പെട്ട നിലയില്‍ യുവാവിനെ കണ്ടെത്തി

പരിയാരം: നാദാപുരം സ്വദേശിയായ യുവാവിനെ പരിയാരത്ത് ആളൊഴിഞ്ഞ കടയുടെ തൂണില്‍ ഇരുമ്പ് ചങ്ങലയില്‍ ബന്ധിക്കപ്പെട്ട നിലയില്‍ യുവാവിനെ കണ്ടെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് മെഡിക്കല്‍ കോളജിന് സമീപത്തെ പൂട്ടിയിട്ട കടവരാന്തയില്‍ കാലില്‍ ഇരുമ്പ് ചങ്ങളകൊണ്ട് ബന്ധിച്ച് കടയുടെ തൂണില്‍ കെട്ടിയ നിലയില്‍ ഇയാളെ കണ്ടത്.
യുവാവിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം പരിയാ രം എസ് ഐ വി.ആര്‍.വിനീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം കടയുടെ തൂണ് പൊളിച്ചാണ് യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കാലിലെ ചങ്ങല അഴിക്കാനാവാത്തതിനാല്‍ പോലീസ് തളിപ്പറമ്പിലെ അഗ്‌നിശമനസേനയുടെ സഹായം തേടി. ഇവര്‍ എത്തിയാണ് കാലിലെ ചങ്ങല അഴിച്ചത്.

നാദാപുരം സ്വദേശി ചെറിയകോയ(45)നെയാണ് തൂണില്‍ ബന്ധിച്ചത്. ചെറിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാളെ ബന്ധുക്കള്‍ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബന്ധുക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

