ഇനി വീട്ടിലിരുന്നും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ക്യൂവിൽ നിന്ന് സമയം കളയേണ്ട. വീട്ടിലിരുന്നും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം തൊഴിൽ വകുപ്പ് ആരംഭിക്കുന്നു. മെയ് ആദ്യ വാരത്തോടെ പദ്ധതി നടപ്പിലാക്കും.
രജിസ്റ്റർ ചെയ്യുന്ന ഏതൊരാൾക്കും പി എസ് സി മാതൃകയിൽ പാസ്‌വേർഡും യൂസർ നെയിമും നൽകും. ഇതുപയോഗിച്ച് വിവരങ്ങൾ ചേർക്കാവുന്നതാണ്. രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും അവധി ദിനങ്ങളിൽ പോലും ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. പുതിയതായി പേര് ചേർക്കാനും പുതുക്കാനും ഈ സൗകര്യ ഉപയോഗിക്കാം. വികലാംഗർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം എന്നതാണ് ഏറെ ശ്രേദ്ധേയം.

ഓൺലൈൻ രജിസ്റ്റർ ചെയ്ത ശേഷം 60 ദിവസത്തനകം രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റൗട്ടും രജിസ്‌ട്രേഷൻ സമയത്ത് കിട്ടിയ നമ്പറും സഹിതം സമീപത്തെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ എത്തി അനുമതി വാങ്ങുന്നതോടെയാണ് രജിസ്‌ട്രേഷൻ പൂർത്തിയാകുക.

വെബ്‌സൈറ്റ്: www.employmentkerala.gov.in

