KOYILANDY DIARY

The Perfect News Portal

ആലുവ കൂട്ടക്കൊല കേസില്‍ പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

ഡല്‍ഹി:  ഏറെ കോളിളക്കം സൃഷ്ടിച്ച ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കോടതി വിധിച്ചു. സുപ്രീം കോടതിയാണ് വധ ശിക്ഷ ജീവപര്യന്തമായി കുറച്ചത്. 2001 ജനുവരി ആറിനാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ ഒരു കുടുംബത്തിലെ ആറുപേരാണ് നിഷ്‌ക്കരുണം കൊല്ലപ്പെട്ടത്.

ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ആന്റണി നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ നേരത്തേ കോടതി വധശിക്ഷ സ്‌റ്റേ ചെയ്തിരുന്നു. 2015 ഏപ്രില്‍ 27ന് ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. 2010ല്‍ നല്‍കിയ ദയാഹര്‍ജി അഞ്ചുകൊല്ലത്തിനുശേഷമാണു തള്ളിയത്. ആലുവ നഗരമധ്യത്തില്‍ സെന്റ് മേരീസ് ഹൈസ്‌കൂളിനു സമീപം മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോന്‍ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്. 2001 ജനുവരി ആറിന് അര്‍ധരാത്രിയായിരുന്നു സംഭവം.

പ്രതിയായ ആന്റണിക്കു സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണു വധശിക്ഷ വിധിച്ചത്. 2006 സെപ്റ്റംബര്‍ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നല്‍കിയ ഹര്‍ജിയില്‍ 2006 നവംബര്‍ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. 2009ല്‍ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.

Advertisements

റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മാഞ്ഞൂരാന്‍ ഹാര്‍ഡ്‌വെയേഴ്‌സ് ഉടമയായിരുന്നു മരിച്ച അഗസ്റ്റിന്‍. അഗസ്റ്റിന്റെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായിരുന്നു ആന്റണി. വിദേശത്തു ജോലിക്കു പോകാന്‍ പണം നല്‍കാതിരുന്നതിലുള്ള വിരോധം മൂലം രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞെത്തിയ കുടുംബാംഗങ്ങളെ ആന്റണി വീട്ടില്‍ പതിയിരുന്ന് ഒറ്റയ്ക്കു വകവരുത്തിയെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

ഒട്ടേറെ ഊഹാപോഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും വഴിയൊരുക്കിയ കേസ് ആദ്യം ലോക്കല്‍ പോലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ഒടുവില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐയും അന്വേഷണം നടത്തി. എല്ലാ അന്വേഷണങ്ങളും അവസാനിച്ചത് ആന്റണിയെന്ന ഒരേയൊരു പ്രതിയിലാണ്. കൂട്ടക്കൊല നടന്ന വീട് കേസ് തീര്‍ന്നശേഷം പോലീസ് പൊളിച്ചുനീക്കി. ഇവിടെ സാമൂഹിക വിരുദ്ധര്‍ തമ്ബടിച്ചപ്പോള്‍ സമീപവാസികളുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് ഇടപെടല്‍.

ആലുവ കൂട്ടക്കൊലക്കേസ് ഇങ്ങനെ;

ആലുവ സെന്റ്‌മേരീസ് സ്‌കൂളിനു സമീപമാണ് മാഞ്ഞൂരാന്‍ വീട്. അഗസ്റ്റിനാണ് കുടുംബനാഥന്‍. ആലുവ മുന്‍സിപ്പല്‍ ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറായ ആന്റണി അഗസ്റ്റിന്റെ അകന്ന ബന്ധുവായിരുന്നു. ആന്റണിക്ക് വിദേശത്ത് ഒരു ജോലി തരപ്പെട്ടു. എന്നാല്‍ അതിന് കുറച്ച്‌ പണം അത്യാവശ്യമായി വന്നു. പണം ചോദിക്കാനാണ് സംഭവ ദിവസം ആന്റണി മാഞ്ഞൂരാന്‍ വീട്ടിലെത്തിയത്. അവിടെ അപ്പോഴുണ്ടായിരുന്നത് അഗസ്റ്റിന്റെ സഹോദരി 42 വയസുള്ള കൊച്ചുറാണിയും അമ്മ 74 വയസുള്ള ക്ലാരമ്മയും ആയിരുന്നു. ഈ സമയം അഗസ്റ്റിനും ഭാര്യയും രണ്ട് മക്കളും സിനിമ കാണാന്‍ പോയിരുന്നു.

കൊച്ചുറാണിയോട് കാശ് ചോദിച്ച ആന്റണി അത് കിട്ടാതെ വന്നപ്പോള്‍ അവരെ വെട്ടിക്കൊന്നു. ഇതിന് സാക്ഷിയായ ക്ലാരമ്മയേയും കൊലപ്പെടുത്തി. താന്‍ വീട്ടില്‍ വന്ന വിവരം അഗസ്റ്റിന്‍ അറിഞ്ഞിരുന്നതിനാല്‍ തന്നെ പിടിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്ന ആന്റണി അഗസ്റ്റിനും കുടുംബവും സിനിമ കണ്ട് മടങ്ങിയെത്തും വരെ വീട്ടില്‍ കാത്തിരുന്നു. പിന്നീട് വീട്ടിലെത്തിയ 47 കാരനായ അഗസ്റ്റിന്‍, അഗസ്റ്റിന്റെ ഭാര്യ 42 കാരിയായ ബേബി, പതിനാലും പന്ത്രണ്ടും വയസുള്ള മക്കള്‍ ജയ്‌മോനും ദിവ്യയും ആന്റണിയുടെ ക്രൂരതയ്ക്ക് ഇരയായി. ആറു പേരെ കൊന്ന ശേഷം യാതൊന്നു മറിയാത്ത മട്ടില്‍ മുംബൈയ്ക്കും അവിടെ നിന്ന് ദമാമിലേക്കും കൊലയാളി കടന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ കൃത്യമായ കണക്കുകൂട്ടലുകള്‍ പ്രതിയിലേക്കുള്ള ദൂരം കുറച്ചു. ആന്റണിയാണ് കൊല നടത്തിയതെന്ന് നിസംശയം ഉറപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ തന്ത്രപൂര്‍വം വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതി എല്ലാം ഏറ്റു പറയുകയായിരുന്നു.

നിരവധി സംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും കാരണമായ കേസായിരുന്നു ആലുവക്കൂട്ടക്കൊലക്കേസ്. പ്രതികള്‍ ഒന്നിലധികം പേരുണ്ടാകുമെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. പിന്നീട് നടന്ന ശാസ്ത്രീയ അന്വേഷണത്തിലും സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും ആന്റണിയിലെ കുറ്റവാളിയെ നിയമത്തിനു മുന്നില്‍ എത്തിക്കുകയായിരുന്നു.

ലോക്കല്‍ പോലീസും സിബിഐയും കേസ് അന്വേഷിച്ചു. രണ്ട് അന്വേഷണങ്ങളും ആന്റണിയെന്ന കൊലയാളിക്ക് തൂക്ക് കയര്‍ ഉറപ്പാക്കും വിധത്തില്‍ തന്നെയാണ് അന്വേഷണം നടത്തിയതും കുറ്റപത്രം സമര്‍പ്പിച്ചതും. കൂട്ടക്കൊലയ്ക്ക് വധ ശിക്ഷയും ഭവന ഭേദനത്തിന് ജീവപര്യന്തവും കവര്‍ച്ച, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഏഴ് വര്‍ഷം വീതം കഠിന തടവിനുമാണ് ആന്റണി ശിക്ഷിക്കപ്പെട്ടത്.

2001ല്‍ നടന്ന മാഞ്ഞൂരാന്‍ കൂട്ടക്കൊലകേസില്‍ 2006ലാണ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. സുപ്രീംകോടതിയും ശിക്ഷ ശരിവച്ചതോടെ ദയാഹര്‍ജിയുമായി രാഷ്ട്രപതിയുടെ മുന്നിലെത്തിയെങ്കിലും ഒരു കുടുംബത്തെ ഒന്നടങ്കം തുടച്ചു നീക്കുംവിധം കൂട്ടക്കൊല നടത്തിയെന്ന വിലയിരുത്തലിന് ഇളവ് ലഭിച്ചില്ല. ആന്റണി ഇതിനകം പൂജപ്പൂര സെന്‍ട്രല്‍ ജയിലില്‍ 13 വര്‍ഷത്തോളം തടവ് ശിക്ഷ പൂര്‍ത്തിയാക്കി കഴിഞ്ഞു.

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. ഇതിനെ പ്രതിഭാഗം സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. വധശിക്ഷ 2009ല്‍ സുപ്രീംകോടതി ശരിവച്ചു. എന്നാല്‍ വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് 2014ല്‍ ചീഫ് ജസ്റ്റീസായിരുന്ന ആര്‍.എം. ലോധയുടെ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ആന്റണി ഹര്‍ജി നല്‍കുകയും പിന്നീടത് സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *