KOYILANDY DIARY

The Perfect News Portal

ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം തുടരുകയാണ്. ആറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. കാലവര്‍ഷമെത്തിയതോടെ കടല്‍ക്ഷോഭം ശക്തമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനാല്‍ തീരദേശവാസികള്‍ ആശങ്കയിലാണ്. ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളായ അമ്ബലപ്പുഴ, കാട്ടൂര്‍, അര്‍ത്തുങ്കല്‍ ആയിരം തൈ, തൈക്കല്‍ ഒറ്റമശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ അതിരൂക്ഷമായ കടലാക്രമണം തുടരുകയാണ്.

നിരവധി വീടുകള്‍ തകര്‍ന്നു. ഏക്കര്‍ കണക്കിന് കര കടലെടുത്തു. നൂറ് കണക്കിന് തെങ്ങുകള്‍ കടപുഴകി. പല സ്ഥലങ്ങളിലും തീരദേശ റോഡും കവിഞ്ഞ് തിരമാലകള്‍ ഇരച്ച്‌ കയറുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കാട്ടൂര്‍ കോര്‍ത്തുശ്ശേരിയില്‍ കടല്‍ക്ഷോഭം ദിവസങ്ങളായി തുടരുന്നു. പുന്നയ്ക്കല്‍ ജോസഫിന്റെയും, അല്‍ഫോണ്‍സിന്റെയും വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

കോളെജ് ജംഗ്ഷന്‍ മുതല്‍ ഓമനപ്പുഴപ്പൊഴി വരെ നിരവധി വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്.ഇരുപതിലേറെ വീടു കളില്‍ വെള്ളം കയറി. തീരത്തോട് ചേര്‍ന്ന് പോകുന്ന റോഡും കടലെടുത്തു. കടല്‍ക്ഷോഭം തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും അധികാരികള്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് തീരവാസികള്‍ ആരോപിക്കുന്നു.

Advertisements

കടല്‍ഭിത്തി നിര്‍മ്മിച്ച്‌ കടലാക്രമണം തടയാമെന്ന അധികാരികളുടെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. പ്രതിഷേധം ഉയരുമ്ബോള്‍ വാഗ്ദാനം നല്‍കി പോകുന്നതല്ലാതെ യാതൊന്നും ചെയ്യുന്നില്ലെന്നും അവര്‍ പരാതിപ്പെടുന്നു. അധികാരികളുടെ അവഗണനയില്‍ പ്രതിഷേധിച്ച്‌ മത്സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാനും തീരുമാനമുണ്ട്.

ജില്ലയിലെ മറ്റ് തീരപ്രദേശങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്. കാലവര്‍ഷം കൂടി എത്തിയതോടെ കടലാക്രമണം ഇനിയും രൂക്ഷമാകാനാണ് സാധ്യത. ഒപ്പം തീരദേശ വാസികളുടെ പ്രതിഷേധവും ശക്തിപ്പെടും. കനത്ത കടല്‍ക്ഷോഭത്തില്‍ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് തീരവാസികള്‍

Leave a Reply

Your email address will not be published. Required fields are marked *