KOYILANDY DIARY

The Perfect News Portal

ആദര്‍ശ് ഗ്രാമയോജന പദ്ധതിക്ക് കുടക്കമായി

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തില്‍ പ്രധാന മന്ത്രിയുടെ സംസദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി പ്രകാരം മുല്ലപ്പളളി രാമചന്ദ്രന്‍ എം.പി ദത്തെടുത്ത പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. പദ്ധതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ വില്ലേജ് ഡവലപ്പ് മെന്റ് പ്ലാന്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുളള മോണിറ്ററിംഗ് കമ്മറ്റി യോഗം ചേര്‍ന്നു. കൊയിലാണ്ടി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കൂമുളളി കരുണന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ദിലീപ് പദ്ധതി രേഖ അവതരിപ്പിച്ചു. എം.പി ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപ അനുവദിച്ചതായി കെ പ്രദീപന്‍ യോഗത്തെ അറിയിച്ചു.

താലൂക്കിലെ രണ്ടാമത്തെ വലിയ ജലശ്രോതസ്സായ ആന്തട്ട കുളത്തിന്റെ നവീകരണം, അംഗന്‍വാടി നിര്‍മ്മാണം, വിവധ റോഡുകളുടെ നര്‍മ്മാണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് . 28 ലക്ഷം രൂപ ചിലവില്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ ശുചിത്വ മിഷന്‍ അറിയിച്ചു. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി മുക്ത ഗ്രാമം പദ്ധതിയും, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ നിയമ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാറിന്റെ സുമന്യ സമൃദ്ധി യോജന പദ്ധതിയില്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നതിന് തപാല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രചരണം സംഘടിപ്പിക്കും. പഞ്ചായത്തിലെ 12 കോളനികളിലും കുടിവെളള ലഭ്യത ഉറപ്പ് വരുത്തും. കാര്‍ഷിക വകുപ്പിന്റെയും കൃഷി വിജ്ഞാന്‍ കേന്ദ്രയുടേയും സഹകരണത്തോടെ ജൈവ കൃഷി, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ നേതൃത്വത്തില്‍ ആരോഗ്യ പദ്ധതി എന്നിവ നടപ്പിലാക്കും. യോഗത്തില്‍ വൈസ് പ്രസിഡന്റ് നുസ്രത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ശശിധരന്‍, കെ ഗീതാനന്ദന്‍, എം പുഷ്പ, വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.