KOYILANDY DIARY

The Perfect News Portal

അരിക്കുളം പഞ്ചായത്തിന് ആരോഗ്യ കേരളം പുരസ്കാരം

കൊയിലാണ്ടി:  ആരോഗ്യരംഗത്ത് വിപുലമായ പദ്ധതികള്‍ നടപ്പാക്കി ജില്ലയില്‍ ഒന്നാമതെത്തിയ അരിക്കുളം പഞ്ചായത്തിന് ആരോഗ്യ കേരളം പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റ് സി രാധയുടെയും വൈസ് പ്രസിഡന്റ് വി എം ഉണ്ണിയുടെയും നേതൃത്വത്തില്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും.

ശുചിത്വം, വ്യായാമം, ജൈവകൃഷി, നല്ല ഭക്ഷണം എന്നീ നാലുലക്ഷ്യവുമായി നടപ്പാക്കുന്ന ജീവന്‍ധാര പദ്ധതിയാണ് അരിക്കുളം പഞ്ചായത്തിനെ ആരോഗ്യരംഗത്ത് വേറിട്ടതാക്കുന്നത്. പ്ളാസ്റ്റിക് ക്യാരിബാഗുകള്‍, പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുകയും മുഴുവന്‍ വീടുകളും മാലിന്യരഹിതമാക്കുകയും ചെയ്യും. രോഗത്തെക്കുറിച്ച് കാലേക്കൂട്ടിയുള്ള നിരീക്ഷണം, രോഗത്തെക്കുറിച്ചുള്ള തിരിച്ചറിവ്, രോഗപ്രതിരോധ നിയന്ത്രണ മാര്‍ഗങ്ങള്‍, ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവയാണ് ജീവന്‍ധാരയുടെ ഭാഗമായി പഞ്ചായത്തില്‍ നടപ്പാക്കിയത്.

മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളിച്ച് നടത്തിയ സര്‍വേയിലൂടെ ജനങ്ങളുടെ ആരോഗ്യനിലവാരത്തെക്കുറിച്ച് അറിവു ലഭിച്ചു. പി കെ ബീന ചെയര്‍പേഴ്സണായുള്ള ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ആരോഗ്യവിഭാഗം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നടപ്പാക്കിയത്. പരിശീലനം ലഭിച്ച വളന്റിയര്‍മാരെ ഉപയോഗപ്പെടുത്തി ഒന്നാംഘട്ടത്തില്‍ 52 കേന്ദ്രങ്ങളിലും തുടര്‍ന്ന് 13 കേന്ദ്രങ്ങളിലും ബോധവല്‍ക്കരണ ക്യാമ്പുകള്‍ നടത്തി. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി മേഖലകളെ യോജിപ്പിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍.

Advertisements

ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങളെ നിയന്ത്രിക്കാനായി സഞ്ജീവനി എന്ന പേരില്‍ പ്രത്യേക പദ്ധതി ആരംഭിച്ചു. വ്യായാമത്തിന്റെ ഭാഗമായി കൂട്ടയോട്ടം, കൂട്ടനടത്തം, നീന്തല്‍, സൈക്കിള്‍ സവാരി എന്നിവ പ്രോത്സാഹിപ്പിച്ചു. നല്ല ഭക്ഷണത്തിനായി മുഴുവന്‍ വാര്‍ഡുകളിലും ജൈവകൃഷിയും ആഴ്ചതോറുമുള്ള ചന്തകളും നടപ്പാക്കി. ലാബ് പരിശോധനയിലൂടെ നല്ല കുടിവെള്ളമാണെന്ന് ഉറപ്പുവരുത്തി. അറുപത് വയസ്സുകഴിഞ്ഞ മുഴുവന്‍ പേരെയും സര്‍വേയിലൂടെ ഒന്നിപ്പിച്ചു. ഒരു വര്‍ഷംകൊണ്ട് ജീവിതശൈലീ രോഗങ്ങളടക്കം നിയന്ത്രിക്കാന്‍ കഴിഞ്ഞ പഞ്ചായത്തായി അരിക്കുളം മാറി.

Leave a Reply

Your email address will not be published. Required fields are marked *