അയ്യപ്പ സംഗമത്തിന് രാഷ്‌ട്രീയ ലക്ഷ്യം, പിന്നില്‍ സവര്‍ണ ലോബികള്‍; ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല: വെള്ളാപ്പള്ളി

കൊല്ലം: ബിജെപിയും ആര്‍എസ്‌എസും സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിന് രാഷ്‌ട്രീയ ലക്ഷ്യമാണുള്ളതെന്നും ശബരിമലയില്‍ സമരം നടത്തുന്നതിനെകുറിച്ച് എസ്‌എന്‍ഡിപിയുമായി ചര്‍ച്ച നടത്തിയിരുന്നില്ലെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എന്തെല്ലാം നടന്നാലും ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സര്‍വ്വനാശം സംഭവിക്കാന്‍ പോകുന്നത് യുഡിഎഫിനാണ്.
സംഗമത്തില്‍ പോകാതിരുന്ന തന്റെ നിലപാടാണ് ശരിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സമരം ആലോചിച്ചല്ല നടത്തിയത്. പ്രക്ഷോഭം ഒരു ലോബിയുടെ മാത്രം തീരുമാനപ്രകാരമാണ്. ശബരിമല സമരങ്ങള്‍ക്ക് പിന്നിലും ഈ സവര്‍ണ ലോബികളാണ്. ഒരു രാജാവ്,ഒരു ചങ്ങനാശ്ശേരി , ഒരു തന്ത്രി ഒക്കെയാണ് പ്രക്ഷോഭത്തിന് പിന്നില്‍. മറ്റാരുമായും സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല. ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള സമരമായിരുന്നുവെങ്കില്‍ എസ്‌എന്‍ഡിപിയുമായി ആലോചിക്കുമായിരുന്നു.

സമദൂരം എന്താണെന്ന് ഇപ്പോഴാണ് മനസിലായത്. നല്ല നിലപാട് എടുക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് എസ്‌എന്‍ഡിപി പ്രവര്‍ത്തിക്കുക. സമദൂരം പറഞ്ഞ് എന്‍എസ്‌എസ് പലതുംനേടിയെടുത്തു.

ക്ഷേത്രങ്ങള്‍ അധികവും സവര്‍ണ്ണവിഭാഗങ്ങളുടെ കൈപ്പിടിയില്‍ ആണ്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത ടി പി സെന്‍കുമാര്‍ എസ്‌എന്‍ഡിപി പ്രതിനിധിയല്ല.

