KOYILANDY DIARY

The Perfect News Portal

അപകടത്തില്‍പ്പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ജനക്കൂട്ടം നോക്കിനില്‍ക്കേ അപകടത്തില്‍പ്പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തടിച്ചു കൂടിയ ജനക്കൂട്ടം ചോര വാര്‍ന്നു നടുറോഡില്‍ കിടക്കുകയായിരുന്ന ദമ്പതികളെ ആശുപത്രിയില്‍ എത്തിക്കാതെ നോക്കി നില്‍ക്കുമ്പോഴാണ് മന്ത്രി രക്ഷക്കെത്തിയത്. ദമ്പതികളെ തന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് മന്ത്രി കടകംപള്ളി മടങ്ങിയത്.

വെള്ളിയാഴ്ച ചാക്ക ബൈപ്പാസിനു സമീപമായിരുന്നു അപകടം. നെയ്യാറ്റിന്‍കര സ്വദേശി കണ്ണനും ഭാര്യ ശ്രീജയും സഞ്ചരിച്ച സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കഴക്കൂട്ടത്തെ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഉച്ചഭക്ഷണത്തിന് വീട്ടിലേക്കു പോകും വഴി ചാക്കയില്‍ റോഡിലെ ഗതാഗതക്കുരുക്കും ആള്‍ക്കൂട്ടവും കണ്ടാണ് മന്ത്രി കാര്‍ നിര്‍ത്താന്‍ നിര്‍ദേശിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഏറെ നേരമായിട്ടും ആശുപത്രിയിലെത്തിച്ചിട്ടില്ല എന്നറിഞ്ഞതോടെ അദ്ദേഹം അവിടെ ഇറങ്ങി.

Advertisements

ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്ന ദമ്പതികളെ മന്ത്രിയും ഗണ്‍മാനും ചേര്‍ന്ന് താങ്ങിയെടുത്ത് ഔദ്യോഗിക വാഹനത്തില്‍ കയറ്റി.

ഇതിനിടെ മൊബൈലില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചവരെ മന്ത്രി വിലക്കി. ചിത്രം പകര്‍ത്തുകയല്ല ഇവരെ ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടതെന്നാണ് മന്ത്രി ഇവരോടു പറഞ്ഞത്.

ദമ്പതികളെ പിന്‍സീറ്റില്‍ ഇരുത്തി മന്ത്രിയും ഗണ്‍മാനും മുന്‍സീറ്റിലിരുന്നാണ് ആശുപത്രിയിലെത്തിയത്. തലയില്‍ നിന്ന് ഏറെ രക്തം വാര്‍ന്നുപോയ ശ്രീജ ഗുരുതരാവസ്ഥയിലായിരുന്നു. ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മടങ്ങിപ്പോയത്.

Leave a Reply

Your email address will not be published. Required fields are marked *