KOYILANDY DIARY

The Perfect News Portal

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വാസിച്ച്‌ ഏഴ് തൊഴിലാളികള്‍ മരിച്ചു

തിരുപ്പതി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വാസിച്ച്‌ ഏഴ് തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മൊറാം ഗ്രാമത്തില്‍ ഫെബ്രുവരി 16നാണ് ഏഴ് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവം നടന്നത്. ആദ്യം നാല് തൊഴിലാളികളാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയത്. വിഷ വാതകം ശ്വസിച്ച്‌ ഇവര്‍ തല കറങ്ങി വീണതോടെ രക്ഷിക്കാന്‍ ഇറങ്ങിയ നാലുപേരും വിഷപുക ശ്വസിച്ച്‌ ഗുരുതരാവസ്ഥയിലാകുകയായിരുന്നു.

മൊറാം ഗ്രാമത്തിലെ വെങ്കടേശ്വരാ ഹാച്ചറീസ് ലിമിറ്റഡിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ടാങ്ക് തുറന്ന് തൊഴിലാളികളെ പുറത്തെടുത്തെങ്കിലും ഒരാള്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. മറ്റ് ഏഴ് പേരെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ ചികിത്സയിലിരിക്കെയും മരണപ്പെട്ടു. ശിവ എന്ന തൊഴിലാളി മാത്രമാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. റെഡ്ഡപ്പ, രാമചന്ദ്ര, കേശവ, രമേശ്, ഗോവിന്ദ സ്വാമി, ബാബു, വെങ്കട് രാജു എന്നിവരാണ് മരിച്ചത്.

Advertisements

തൊഴിലാളികളെ സെപ്റ്റിക് ടാങ്കിലേക്ക് ഇറക്കുന്നതിന് മുമ്പ്‌ ഇവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ കമ്പനിക്കായില്ലെന്നാണ് പ്രാഥമിക നിഗമനം. ആറ് മാസത്തിലൊരിക്കലാണ് കമ്പനി സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാറുള്ളത്. സംഭവം നടന്നതിന് ശേഷം കമ്പനി പ്ലാന്റ് മാനേജര്‍ ഒളിവിലാണ്. കമ്പനിയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ കുടുംബത്തിന് വേണ്ട സഹായം നല്‍കുമെന്ന് ആന്ധ്രാപ്രദേശ് ആരോഗ്യമന്ത്രി ഡോ. കമിനേനി ശ്രീനിവാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *