KOYILANDY DIARY

The Perfect News Portal

അപകടകാരികളായ നായകളെ കൈകാര്യം ചെയ്യാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനo; മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ മറുപടി. അപകടകാരികളായ നായകളെ കൈകാര്യം ചെയ്യാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല. എന്നാല്‍ തെരുവുനായകളെ കൊല്ലാന്‍ തന്നെയാണ് തീരുമാനം. മനുഷ്യസ്നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്നേഹികളാകുമെന്നും ജലീല്‍ ചോദിച്ചു.

കേരള സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും തന്നെ ഭീകരയാക്കി രക്ഷപ്പെടാന്‍ സംസ്ഥാനം ശ്രമിക്കുകയാണെന്നും മനേക ഗാന്ധി ആരോപിച്ചിരുന്നു. നായകളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം നിയമലംഘനമാണെന്നും കേന്ദ്രമന്ത്രി മനേക ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ആക്രമണകാരികളായ തെരുവുനായ്ക്കളെ നിയമവിധേയമായി കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്ത സാഹചര്യത്തിലായിരുന്നു മേനകാ ഗാന്ധിയുടെ പ്രതികരണം.

തിരുവനന്തപുരം പുല്ലുവിളയില്‍ 60കാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവത്തില്‍ മനേകാ ഗാന്ധി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. വൃദ്ധയുടെ കയ്യില്‍ മാംസമുണ്ടായിരിക്കാമെന്നും അതാകും നായ്ക്കള്‍ ആക്രമിക്കാന്‍ കാരണമെന്നുമായിരുന്നു അന്ന് ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ മനേക പറഞ്ഞത്. സ്ത്രീ കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണ്. അതിനു നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമാണ്. വന്ധ്യംകരിച്ച നായ്ക്കള്‍ കടിക്കാറില്ല. പുല്ലുവിളയിലെ നായ്ക്കളെ വന്ധ്യംകരിച്ചിരുന്നില്ല. ബീച്ചിലേക്കുപോയ സ്ത്രീയുടെ കൈവശം എന്തോ മാംസഭാഗം ഉണ്ടായിരുന്നിരിക്കണം എന്നായിരുന്നു മനേകയുടെ വിവാദ പ്രസ്താവന.

Advertisements