KOYILANDY DIARY

The Perfect News Portal

അന്താരാഷ്ട്ര ചലച്ചിത്രോത്സവം; സുവര്‍ണ ചകോരം ഈജിപ്ഷ്യന്‍ ചിത്രം ക്ളാഷിന്

തിരുവനന്തപുരം : ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സുവര്‍ണ ചകോരം മുഹമ്മദ് ദിയാബ് സംവിധാനംചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ളാഷിന്.  ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തെ സൂക്ഷ്മമായും തീവ്രമായും അവിഷ്കരിച്ച ക്ളാഷ് പ്രേക്ഷക ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.  സംവിധായകന്റെ അസാന്നിധ്യത്തില്‍  സഹപ്രവര്‍ത്തക സലോമി കികലേഷ്വലി പുരസ്കാരം ഏറ്റുവാങ്ങി.  മികച്ച സംവിധാനത്തിനുള്ള രജത ചകോരം  രണ്ട് വനിതാസംവിധായികമാരാണ് നേടിയത്. മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം ക്ളയര്‍ ഒബ്സിക്യൂര്‍ എന്ന തുര്‍ക്കിചിത്രം  സംവിധാനംചെയ്ത യെസിം ഉസ്തഗുലുവും നവാഗത സംവിധായികയ്ക്കുള്ള രജത ചകോരം മലയാളചിത്രം മാന്‍ ഹോളിന്റെ സംവിധായിക വിധു വിന്‍സന്റും ഏറ്റുവാങ്ങി. നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൌഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. പതിനഞ്ച് ലക്ഷം രൂപയും മെമന്റോയും അടങ്ങുന്നതാണ് സുവര്‍ണ ചകോരം.

തോട്ടിപ്പണി തൊഴിലായി സ്വീകരിച്ചവരുടെ ദയനീയ ജീവിതം പറയുന്ന  മാന്‍ഹോളിന് മലയാളത്തിലെ മികച്ച സിനിമയ്ക്ക് ചലച്ചിത്ര നിരൂപകരുടെ ലോകസംഘടന നല്‍കുന്ന ഫിപ്രസി അവാര്‍ഡും ലഭിച്ചു. മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തത്  രാജീവ് രവിയുടെ കമ്മട്ടിപ്പാടമാണ്.  രാജീവ്രവിക്ക് വേണ്ടി സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് അവാര്‍ഡ് ഏറ്റുവാങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *