അത്തോളി GVHSS വിദ്യാര്‍ഥികള്‍ കൊയിലാണ്ടി നെസ്റ്റ് സന്ദര്‍ശിച്ചു

അത്തോളി: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനവുമായി അത്തോളി ഗവ. വൊക്കോഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും കൊയിലാണ്ടിയിലെ നെസ്റ്റ് സന്ദര്‍ശിച്ചു. സമൂഹത്തില്‍ ദൈന്യത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ ആരംഭിച്ച സാന്ത്വനച്ചെപ്പ് എന്ന പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം.
മിഠായിപ്പണം മാറ്റിവെച്ച് വിദ്യാര്‍ഥികള്‍ മാസത്തിലൊരിക്കല്‍ ശേഖരിക്കുന്ന ഫണ്ടാണ് സാന്ത്വനച്ചെപ്പ്. ഈ മാസം ശേഖരിച്ച തുക നെസ്റ്റിലെ അംഗപരിമിതരായ കുട്ടികളുടെ ചികിത്സച്ചെലവിലേക്കായി നല്‍കുകയായിരുന്നു.

തുക പ്രധാനാധ്യാപകന്‍ എം.സി. രാഘവന്‍ നെസ്റ്റ് സെക്രട്ടറി ബഷീറിനുനല്‍കി. അന്തേവാസികള്‍ക്കുമുന്നില്‍ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. കൊയിലാണ്ടി ബി.പി.ഒ. എം. ജി. ബല്‍രാജ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ സുരേന്ദ്രന്‍ കെ.ടി., കോ-ഓര്‍ഡിനേറ്റര്‍ ഉഷ. പി.എം., സ്റ്റാഫ് സെക്രട്ടറി നിഷ. പി.ബി. എന്നിവര്‍ പങ്കെടുത്തു.

