KOYILANDY DIARY.COM

The Perfect News Portal

അതിജീവിക പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: കുടുംബത്തിന്റെ ആശ്രയമായ ഗൃഹനാഥന്‍ കിടപ്പിലാകുകയോ മരിക്കുകയോ ചെയ്യ്താല്‍ ദുരിതത്തിലാകുന്ന കുടുംബങ്ങള്‍ക്കായി ‘അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. വനിതാ ശിശുവികസന വകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചത്. ദുരിതത്തിലാകുന്ന സ്ത്രീകള്‍ക്ക് 50,000 രൂപവരെ ഒറ്റത്തവണ സഹായം നല്‍കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്കുള്ള അപേക്ഷ വിമെന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ സ്വീകരിക്കും. സംസ്ഥാനതല സമിതിയുടെ അംഗീകാരത്തിനു വിധേയമായാണ് ധനസഹായം. വാര്‍ഷിക കുടുംബവരുമാനം 50,000 രൂപയില്‍ താഴെയുള്ളവരാകണം. അനാരോഗ്യം കാരണം ജോലി ചെയ്യാന്‍ സാധിക്കാത്ത 50 വയസ്സില്‍ താഴെയുള്ളവരെയാണ് പരിഗണിക്കുക. ഭര്‍ത്താവ്, കുട്ടികള്‍, കുടുംബനാഥ എന്നിവര്‍ രോഗബാധിതരായി കിടപ്പിലായ കുടുംബം, വീട് നഷ്ടപ്പെട്ട് വാടകയ്ക്ക് താമസിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, കടബാധ്യതമൂലം കുടുംബനാഥ ജപ്തിഭീഷണി നേരിടുന്ന കുടുംബം, ഭര്‍ത്താവിന്റെ അസുഖം/വിയോഗം മൂലം മക്കളുടെ പഠനത്തിനും ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന കുടുംബം, അസുഖം ബാധിച്ച്‌ മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകള്‍ (വിധവകള്‍, അവിവാഹിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിവാഹമോചിതര്‍) എന്നിവരാണ് ഗുണഭോക്താക്കള്‍.

നിശ്ചിത ഫോമിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ തലത്തില്‍ ധനസഹായം (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി) ലഭിച്ചിട്ടില്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, നിലവിലെ ജീവിതാവസ്ഥ സംബന്ധിച്ച്‌ വെള്ളക്കടലാസില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയും ഹാജരാക്കണം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *