KOYILANDY DIARY

The Perfect News Portal

അഞ്ച് ഇന്‍ഷുറന്‍സ് കമ്പനികളുടെ 25 ശതമാനം വീതം ഓഹരി വിറ്റഴിക്കും

ഡല്‍ഹി > കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ 25 ശതമാനം വീതം ഓഹരി വിറ്റഴിക്കും. ഇതിനായി ദി ന്യൂ ഇന്ത്യ ഇഷ്വറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കി. നിലവില്‍ കമ്പനികളുടെ 100 ശതമാനം ഓഹരികളും സര്‍ക്കാരിനാണ്. 25 ശതമാനം ഓഹരി നിശ്ചിത കാലത്ത് ഒറ്റ ഘട്ടമായോ പല ഘട്ടങ്ങളിലായോ വില്‍ക്കും.

ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ(എഫ്ഡിഐ) പരിധി 26ല്‍നിന്ന് 49 ശതമാനമായി മോഡിസര്‍ക്കാര്‍ നേരത്തെ ഉയര്‍ത്തിയിരുന്നു.  ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പുവര്‍ഷം 56,500 കോടി രൂപ സമാഹരിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വിവിധ കമ്പനികളുടെ ഓഹരിവില്‍പ്പന വഴി ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞത് 23,500 കോടി രൂപ. നടപ്പ് സാമ്പത്തികവര്‍ഷം ശേഷിക്കുന്ന സമയത്തിനുള്ളില്‍ ബാക്കി തുകയും നേടിയെടുക്കലാണ് ലക്ഷ്യം. എന്നാല്‍, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരിവില്‍പ്പന നടപടികള്‍ നടപ്പുവര്‍ഷം തന്നെ ഉണ്ടാകുമോ എന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയില്ല.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിയുടെയും ഓഹരി വില്‍പ്പന ഉടന്‍ പ്രഖ്യാപിച്ചേക്കും. എട്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും 10 വര്‍ഷമായി നിലവിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഐ)കഴിഞ്ഞ ആഗസ്തില്‍ നിര്‍ദേശിച്ചിരുന്നു. ഐആര്‍ഡിഐയുടെ ഈ നിര്‍ദേശം നടപ്പാക്കിയാല്‍ രാജ്യത്തെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല ഓഹരിവില്‍പ്പന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐആര്‍ഡിഎ ഈ നിര്‍ദേശം നല്‍കിയത്.

Advertisements

അഞ്ചുവര്‍ഷത്തിനകം 36 കോടി പുതിയ പോളിസികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ ഇന്‍ഷുറന്‍സ് ലോകത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് മേഖലയാണ്. 2015-16ല്‍ പുതിയ പ്രീമിയം ഇനത്തില്‍ 1.38 ലക്ഷം കോടി രൂപയുടെ വരവാണ് ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ മാത്രം ഉണ്ടായത്. വരുന്ന അഞ്ചുവര്‍ഷം 12-15 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖല പ്രതീക്ഷിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *