KOYILANDY DIARY

The Perfect News Portal

അക്കിത്തം കൃതികളുടെ കയ്യെഴുത്തുപ്രതികള്‍ ഇനി മലയാളസര്‍വകലാശാലയുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍

തിരൂര്‍: ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കവിതകളും അപൂര്‍വ്വമായ അനുഭവക്കുറിപ്പുകളും ഭാഗവതപരിഭാഷയും ലേഖനങ്ങളും മലയാളസര്‍വകലാശാലയുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍. അക്കിത്തം സമ്മാനിച്ച ഈ കയ്യെഴുത്ത് പ്രതികള്‍ വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ കുമരനല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ഏറ്റുവാങ്ങി.

കവിപത്നി ശ്രീദേവി അന്തര്‍ജനം, മകള്‍ ഇന്ദിര, ഡോ. എം.ആര്‍ രാഘവവാര്യര്‍, ഡോ. രോഷ്നി സ്വപ്ന, ഡോ. പി.എന്‍. സൗമ്യ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കവിയുടെ വിഖ്യാതമായ ഭാഗവത വിവര്‍ത്തനത്തിന്റെ ചില ഭാഗങ്ങളും, ആകാശവാണിയില്‍ ജോലി ചെയ്ത കാലത്തെ ഓര്‍മക്കുറിപ്പുകളും വൈലോപ്പിള്ളി, മാധവിക്കുട്ടി തുടങ്ങിയവരോടൊത്തുള്ള അനുഭവങ്ങളും ‘തൊള്ളേക്കണ്ണന്‍’, ‘വേനല്‍മഴ’ തുടങ്ങിയ കവിതകളും ഇപ്പോള്‍ കവിയുടെ പക്കല്‍ അവശേഷിക്കുന്ന കയ്യെഴുത്തുപ്രതികളുടെ കൂട്ടത്തിലുണ്ട്.

തീവണ്ടി കിട്ടാതെ റെയില്‍വേ സ്റ്റേഷനില്‍ രാത്രി കഴിക്കേണ്ടി വന്ന വൈലോപ്പിള്ളിക്ക് കൂട്ടിരുന്നതിന്റെ കഥ, ഇടശ്ശേരി, എം.ഗോവിന്ദന്‍, വി.കെ.എ.റഹീം തുടങ്ങിയവരുമായി കവിയ്ക്കുണ്ടായിരുന്ന ബന്ധങ്ങള്‍, എന്‍.വി. കൃഷ്ണവാര്യര്‍, ബഷീര്‍, തകഴി, സി.ജെ, ജി.ശങ്കരക്കുറിപ്പ്, കാരൂര്‍, ഉറൂബ് എന്നിവരോടൊപ്പം പങ്കിട്ട സാഹിത്യസദസ്സുകള്‍ തുടങ്ങിയവയെല്ലാം ഈ കയ്യെഴുത്ത് പ്രതികളിലെ ലേഖനങ്ങളിലും അനുഭവക്കുറിപ്പുകളിലും വിവരിച്ചിട്ടുണ്ട്.

Advertisements

മലയാളത്തിലെ എഴുത്തുകാരുടെ കയ്യെഴുത്ത്പ്രതികള്‍ ശേഖരിച്ച്‌ ശാസ്ത്രീയ മായി പരിരക്ഷിക്കാനും രേഖാലയം സ്ഥാപിക്കാനുമുള്ള സര്‍വകലാശാലയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് കയ്യെഴുത്ത്പ്രതി സ്വീകരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. എഴുത്തുകാരുടെ അഭിമുഖങ്ങള്‍ ദൃശ്യവത്ക്കരിക്കുന്ന ‘സുവര്‍ണ്ണരേഖ’ എന്ന മറ്റൊരു പദ്ധതിയും സര്‍വകലാശാലയ്ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *