അകലാപ്പുഴയുടെ തീരപ്രദേശങ്ങളിൽ കുടിവെളള ക്ഷാമം രൂക്ഷം

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ളക്ഷാമം. അകലാപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരാണ് ശുദ്ധജലക്ഷാമം വലിയ തോതില്‍ അനുഭവിക്കുന്നത്. മുചുകുന്ന് കോളേജ് പരിസരം, ഹില്‍ ബസാര്‍, വലിയമല കോളനി, ഗോപാലപുരം, പാച്ചാക്കില്‍ എന്നിവിടങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്.
വേനല്‍ കനക്കുന്നതോടെ പ്രദേശങ്ങളെല്ലാം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും. അകലാപ്പുഴയുടെ തീരങ്ങളില്‍ കിണര്‍ കുഴിച്ചാല്‍ ഉപ്പുവെള്ളമാണ് ലഭിക്കുക. കുടിക്കാനോ കുളിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ഇത് ഉപയോഗിക്കാന്‍ കഴിയില്ല. തീരവാസികളെല്ലാം ദൂരസ്ഥലങ്ങളില്നിന്നാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള വെള്ളം കൊണ്ടുവരുന്നത്.

എത്രകാലം ഈ ദുരിതം പേറണമെന്ന് നാട്ടുകാര്‍ക്കാര്‍ക്കും നിശ്ചയമില്ല. പ്രദേശങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ മൂടാടി ഗ്രാമപ്പഞ്ചായത്ത് ജല സംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും ഒരു തുള്ളി വെള്ളമില്ല. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ശാശ്വതമായ മാര്‍ഗങ്ങളാണ് ആവശ്യം.

വലിയ കുടിവെള്ളപദ്ധതി ആസൂത്രണം ചെയ്യുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ എം.എല്‍.എ.യും മൂടാടി ഗ്രാമപ്പഞ്ചായത്തും നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

