KOYILANDY DIARY.COM

The Perfect News Portal

സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയാണെങ്കില്‍ അക്കേഷ്യ മരങ്ങള്‍ മുഴുവനും മുറിച്ചു മാറ്റേണ്ടി വരും

കൊയിലാണ്ടി: സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയാണെങ്കില്‍ മുചുകുന്നിലെ കൊയിലാണ്ടി ഗവ. കോളേജ് കാമ്പ
സിലെ അക്കേഷ്യ മരങ്ങള്‍ മുഴുവനും മുറിച്ചു മാറ്റേണ്ടിവരും. കോളേജ് വളപ്പില്‍ ചെറുതും വലുതുമായ നൂറിലേറെ അക്കേഷ്യാ മരങ്ങളാണുള്ളത്. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കും വിധം ജലം ഊറ്റിയെടുക്കുന്നുവെന്നതിനാല്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയവ സര്‍ക്കാര്‍ ഭൂമിയില്‍ നട്ടുപിടിപ്പിക്കരുതെന്നും ഉള്ളവ മുറിച്ചുമാറ്റണമെന്നും തീരുമാനിച്ചത്.

പകരമായി ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും തണല്‍ മരങ്ങളും വളര്‍ത്തണമെന്നും നിര്‍ദേശത്തിലുണ്ട്. മുപ്പത് വര്‍ഷം മുമ്പ്‌ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ സ്ഥലങ്ങളിലും പുറമ്പോക്കുകളിലും ഇത്തരം വൃക്ഷത്തൈകള്‍ നട്ടുപിടുപ്പിച്ചത്. എന്നാല്‍, പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഇവ മുറിക്കുന്നത് കൗതുകമാണ്.

കാടിന്റെ പ്രതീതി നല്‍കിയാണ് കൊയിലാണ്ടി കോളേജ് വളപ്പില്‍ അക്കേഷ്യ മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്നത്. കോളേജ് വിദ്യാര്‍ഥികള്‍ ഒഴിവു സമയം ചെലവിടുന്നതും പരീക്ഷാച്ചൂടകറ്റുന്നതുമെല്ലാം ഈ മരങ്ങളുടെ തണലിലാണ്. ഇവ മുറിച്ചു മാറ്റിയാല്‍ കുറച്ചു കാലത്തേക്ക് തണലകലുമെങ്കിലും വേഗം വളരുന്ന വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തിയാല്‍ നഷ്ടപ്പെടുന്ന ഹരിത സൗന്ദര്യവും തണലും തിരികെക്കൊണ്ടുവരാന്‍ കഴിയും.

Advertisements

പൊതുവേ ജല ലഭ്യത കുറഞ്ഞ മേഖലയാണ് കോളേജ് പരിസരം. ഇവിടെ ജല നഷ്ടമുണ്ടാക്കുന്ന മരങ്ങള്‍ വെച്ചുപിടിപ്പിക്കരുതെന്ന് നേരത്തെ ചില സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരിപാലനമൊന്നുമില്ലാതെ എവിടെയും വളരുമെന്ന പ്രത്യേകത ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ഇത്തരം വൃക്ഷത്തൈകള്‍ വ്യാപകമായി വിതരണം ചെയ്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *