KOYILANDY DIARY.COM

The Perfect News Portal

വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനക്കളരിയൊരുക്കി പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാദമി

പുല്‍പ്പള്ളി: അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ കായികയിനങ്ങളില്‍ പരിശീലനം നല്‍കി വയനാട്ടിലെ കായികതാരങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാദമി. വോളിബോള്‍, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ്, നീന്തല്‍ എന്നിവയിലാണ് അക്കാദമി ജില്ലയിലെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കിവരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പുല്‍പ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നും പരിശീലനം കഴിഞ്ഞിറങ്ങിയ നിരവധി വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതലത്ത് തന്നെ ശ്രദ്ധേയമായ പ്രകടനം ഇതിനകം തന്നെ കാഴ്ചവെച്ചുകഴിഞ്ഞു.

പുല്‍പ്പള്ളി വിജയ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് ഇനങ്ങള്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്. ജോണ്‍സണ്‍ വര്‍ഗീസ്, റൂണി പുല്‍പ്പള്ളി, ഇബ്രാഹിം ചീരാല്‍, ലൂയിസ് പള്ളിക്കുന്ന് തുടങ്ങിയവരാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് പരിശീലനം നല്‍കിവരുന്നത്. അത്‌ലറ്റിക്‌സ് ഇനങ്ങളുടെ പരിശീലനം കായികാധ്യാപകനായ ജോസ് പ്രകാശാണ് നല്‍കുന്നത്. ബാസ്‌ക്കറ്റ് ബോളില്‍ മനീഷ്, വി എം ജോണ്‍സണ്‍, ശിവാനന്ദന്‍ എന്നിവരാണ് പരിശീലകര്‍. ബാഡ്മിന്റണില്‍ നൗഷാദ് കമ്ബളക്കാടും, നീന്തലില്‍ പി എ ഡീവന്‍സും, വി എം ജോണ്‍സണും കുട്ടികളെ പരിശീലിപ്പിക്കുന്നു.

സംസ്ഥാനതലത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയവരും വിവിധ സ്‌കൂളുകളില്‍ കായികധ്യാപ ജോലി ചെയ്യുന്നവരും ഈ പരിശീലക സംഘത്തിലുണ്ട്. പുല്‍പ്പള്ളി വൈ എം സി എ ഗ്രൗണ്ടിലാണ് ബാഡ്മിന്റണ്‍ പരിശീലനം നല്‍കിവരുന്നത്. നീന്തല്‍ പരിശീലനം ബത്തേരി സെന്റ് ജോസഫ് സ്‌കൂളിലും, വോളിബോള്‍ പുല്‍പ്പള്ളി വോളി അക്കാദമി ഗ്രൗണ്ടിലും പരിശീലിപ്പിക്കുന്നു. ജില്ലാചാംപ്യന്‍മാരായ നിരവധി വിദ്യാര്‍ത്ഥികള്‍ ഈ പരിശീലനക്കളരിയിലുണ്ടെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു.

Advertisements

അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളാണ് പരിശീലനക്കളരിയിലുള്ളത്. കുടിയേറ്റമേഖലയായ പുല്‍പ്പള്ളി, പൂതാടി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കുട്ടികളാണ് കൂടുതലായും പരിശീലനക്കളരിയിലുള്ളത്. ആറിനങ്ങളില്‍ പരിശീലനം നല്‍കിവരുന്നുവെന്നതാണ് പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാദമിയെ വേറിട്ടതാക്കുന്നത്. സാമ്ബത്തികപരാദീനതകള്‍ കുടിയേറ്റമേഖലയിലെ കുട്ടികള്‍ക്ക് കായികമേഖലയിലെത്താനുള്ള പ്രധാന കടമ്ബകളിലൊന്നായിരുന്നു. ഇതിനെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളുകളില്‍ നിന്നും മികവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സൗജന്യമായി കൂടുതല്‍ പരിശീലനം നല്‍കി മികവുറ്റവരാക്കി മാറ്റിയെടുക്കുന്നതിനായി അക്കാദമി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

കുടിയേറ്റമേഖലയിലെ വിജയ സ്‌കൂള്‍, വേലിയമ്ബം സ്‌കൂള്‍ എന്നിങ്ങനെയുള്ള പ്രധാന സ്‌കൂളുകളിലെ കായികതാരങ്ങള്‍ പരിശീലനക്കളരിയില്‍ അണിനിരക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവും നല്‍കുന്ന ചിട്ടയായ പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളെ കായികമേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് അക്കാദമി ഏറ്റെടുത്ത് ഭംഗിയായി നിര്‍വ്വഹിച്ചുവരുന്നത്. മികച്ച കായികതാരങ്ങളെ പോലെ കായികക്ഷമതയും ടെക്‌നിക്കുകളും പരിശീലിപ്പിച്ച്‌ ആരോടും കിടപിടിക്കും വിധം വളര്‍ത്തിയെടുക്കുകയെന്ന അക്കാദമിയുടെ സദ്ദുദ്ദേശത്തിനൊപ്പം കുടിയേറ്റമേഖലയും കൈകോര്‍ക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *