KOYILANDY DIARY.COM

The Perfect News Portal

മല കയറാന്‍ സഹായം തേടി കോഴിക്കോട് സ്വദേശിനി പോലീസിനെ സമീപിച്ചു

സന്നിധാനം: നട അടയ്ക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മല കയറാന്‍ സഹായം തേടി കോഴിക്കോട് സ്വദേശിനി പോലീസിനെ സമീപിച്ചു. ശബരിമല ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതി നിലയ്ക്കലെത്തിയത്.

തുടര്‍ന്ന് എരുമേലി പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് യുവതി പമ്ബയിലേക്കു പോയി. പമ്ബയിലെ ഡ്യൂട്ടി ചുമതലയുള്ള പോലീസിനെ സമീപിക്കുകയാണ് യുവതിയുടെ ലക്ഷ്യം. യുവതിയോടൊപ്പം രണ്ട് യുവാക്കളുമുണ്ടെന്നാണ് സൂചന. അതേസമയം, തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി പത്തുമണിയോടെ നട അടയ്ക്കും.

കറുകച്ചാല്‍ നെടുംകുന്നം സ്വദേശി ബിന്ദു ടി. വാസുവാണു ദര്‍ശനത്തിനായി സുരക്ഷ തേടിയത്. തിങ്കളാഴ്ച രാവിലെ എരുമേലി പോലീസ് സ്‌റ്റേഷനെയാണ് യുവതി ആദ്യം സമീപിച്ചത്. എന്നാല്‍ സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ബിന്ദു പമ്ബയിലേക്കു പുറപ്പെടുകയായിരുന്നു. അതേസമയം, ബിന്ദുവിന്റെ നെടുംകുന്നത്തെ തറവാടിനു മുന്നില്‍ വിശ്വാസികള്‍ ഒത്തു ചേരുന്നു. പോലീസും സ്ഥലത്തെത്തി. വിവാഹ ശേഷം ബിന്ദു കോഴിക്കോടാണു താമസം. വീട്ടില്‍ ഇപ്പോള്‍ മാതാപിതാക്കള്‍ മാത്രമാണുള്ളത്.

Advertisements

കഴിഞ്ഞദിവസം സന്നിധാനത്തേക്ക് പോകുന്നതിന് വേണ്ടി ശബരി എക്‌സ്പ്രസില്‍ യുവതികള്‍ എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. യുവതികളായ ഭക്തര്‍ എത്തിയാല്‍ തടയുന്നതിനായി ഭക്തരും സ്‌റ്റേഷനില്‍ സംഘടിച്ചിരുന്നു. എന്നാല്‍ ചെങ്ങന്നൂരില്‍ ഇതുവരെ ഭക്തരാരും ഇറങ്ങിയിട്ടില്ലെന്നാണ് വിവരം.

ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തീയതി രാത്രി 10ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16ന് വൈകീട്ട് അഞ്ചുമണിക്ക് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.

അതിനിടെ, ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുന്നതില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കും. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക. ദേശീയ അയ്യപ്പഭക്തജന കൂട്ടായ്മയാണു കോടതിയെ സമീപിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *