നാലുകോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ്: വനിതാ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊല്ലം: സഹകരണ സംഘത്തിന്റെ മറവില്‍ നാലുകോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുന്നത്തൂര്‍ താലൂക്ക് റസിഡന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു സംഘം പ്രസിഡന്റായിരുന്ന എ. വിശാലാക്ഷിയാണ് അറസ്റ്റിലായത്. കെ.പി.സി.സി. സെക്രട്ടറിയായും നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ കുന്നത്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു.
നിക്ഷേപകരില്‍ നിന്നു പണം തട്ടിയതും വ്യാജരേഖകള്‍ ചമച്ചു വായ്പയെടുത്തതും ചിട്ടി നടത്തി വഞ്ചിച്ചതും ഉള്‍പ്പെടെ 400ല്‍ അധികം പരാതികളാണ് ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത്. 4.5 കോടി രൂപയുടെ തട്ടിപ്പാണു സഹകരണ വകുപ്പ് ഓഡിറ്റര്‍ സൊസൈറ്റിയില്‍ കണ്ടെത്തിയത്. താലൂക്കിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണു കൂടുതലും തട്ടിപ്പിന് ഇരയായത്. കോണ്‍ഗ്രസ് നേതാവായ വിശാലാക്ഷി പൊതുസ്വീകാര്യത ഉപയോഗിച്ചാണു നിരവധി പേരെ തട്ടിപ്പിനായി ഉപയോഗിച്ചത്.

ഉയര്‍ന്ന പലിശ വാഗ്ദാനംചെയ്തും സ്വാധീനം ഉപയോഗിച്ചും പലരെക്കൊണ്ടും അഞ്ചുലക്ഷംമുതല്‍ സംഘത്തില്‍ നിക്ഷേപിപ്പിച്ചിരുന്നു. തിരികെ പണം ആവശ്യപ്പെടുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും പതിവായിരുന്നെന്ന് പരാതിക്കാര്‍ പറയുന്നു.

