“നവമാംഗല്യം” പദ്ധതിക്ക് തുടക്കമിട്ട് പട്ടുവം പഞ്ചായത്ത്

കണ്ണൂർ: “നവമാംഗല്യം” പദ്ധതിക്ക് തുടക്കമിട്ട് പട്ടുവം പഞ്ചായത്ത്. സ്ത്രീ – പുരുഷന്മാർ അവിവാഹിതരായിരിക്കുന്നതിൻറെ ആശങ്ക ഇനി വീട്ടുകാരും ബന്ധുക്കളും മാത്രം ഏറ്റെടുക്കേണ്ട, ആശങ്ക മൊത്തമായി ഏറ്റെടുത്ത് സഹായം ഒരുക്കുകയാണ് കണ്ണൂരിലെ ഒരു പഞ്ചായത്ത്. കെട്ടുപ്രായം കടന്നുപോയ അവിവാഹിതരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതിന് ‘നവമാംഗല്യം’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കണ്ണൂർ തളിപ്പറമ്പിന് സമീപത്തെ പട്ടുവം പഞ്ചായത്ത് (Pattuvam Panchayat with marriage plan).

ഓരോ വാർഡിലും ശരാശരി 10 മുതൽ 15 വരെ സ്ത്രീ പുരുഷൻമാർ കെട്ടുപ്രായം കഴിഞ്ഞ് നിൽക്കുന്നതായാണ് കണക്ക്. ഗ്രാമസഭകളിലും വിഷയം ചർച്ചയായി. ഇതോടെയാണ് ഇക്കാര്യം ഗൗരവമായി എടുത്തുകൂടേയെന്ന് പഞ്ചായത്തിന് തോന്നിയതെന്ന് പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി പറഞ്ഞു. 2022-23 പദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്തി. പദ്ധതി ഒരു എതിർപ്പുമില്ലാതെ അംഗീകരിച്ചു. താത്കാലികമായി ഫണ്ട് അനുവദിക്കുകയും ചെയ്തു. സംസ്ഥാനത്തിൻറെ ചരിത്രത്തിൽ അപൂർവമായാണ് ഒരു പഞ്ചായത്ത് വിവാഹം ഏറ്റെടുക്കുന്നത്.


“നവമാംഗല്യം” പദ്ധതിയുടെ ഒന്നാം ഘട്ടമായി പഞ്ചായത്തിൽ വിപുലമായ സർവേ നടത്തും. 35 കഴിഞ്ഞ അവിവാഹിതരുടെ രജിസ്ട്രി തയ്യാറാക്കും. അതോടൊപ്പം താത്പര്യമുള്ളവർക്ക് പരിചയപ്പെടാൻ പഞ്ചായത്തുതന്നെ വേദിയൊരുക്കും. വിവാഹത്തിന് തയ്യാറായാൽ കല്യാണാവശ്യങ്ങൾക്ക് പഞ്ചായത്ത് ഹാൾ വിട്ടു നൽകും. പാവപ്പെട്ടവരാണെങ്കിൽ മറ്റു സാമ്പത്തികസൗകര്യങ്ങൾ നൽകാൻ പറ്റുമോയെന്നും പരിശോധിക്കും. സർവേക്കും മറ്റുമായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റിയിൽ യുവജനക്ഷേമ ബോർഡ്, ഐസിഡിഎസ് പ്രതിനിധികളും ഉണ്ടാകും. എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. 13 വാർഡുകളുണ്ട്.




                        
