ഡിവൈഎഫ്ഐ നേതൃത്വത്തിൽ മരച്ചീനി കൃഷി ആരംഭിച്ചു
കൊയിലാണ്ടി: അണേല – ഡിവൈഎഫ്ഐ നേതൃത്വത്തിൽ മരച്ചീനി കൃഷി ആരംഭിച്ചു. അണേല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. സ്വാകാര്യ വ്യക്തിയായ സി.കെ. രാമൻകുട്ടിയുടെ 50 സെൻ്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. ലോകമാകെയുള്ള കൊറോണ ഭീതിയുടെ സാഹചര്യത്തിൽ ഉണ്ടാകാനിടയുള്ള ഭക്ഷ്യ ക്ഷാമം മുൻകൂട്ടി കണ്ട് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനമാണ് യുവാക്കളെ കൃഷിയിലേക്കിറങ്ങാൻ പ്രേരിപ്പിച്ചത്.
മേഖലാ സെക്രട്ടറി പിലാക്കാട്ട് അരുൺ കുമാർ, വട്ടക്കണ്ടി ശിവരാമൻ, ഷിജു, അഖിൽ തുടങ്ങിയ പ്രവർത്തകരുടെ നേതൃത്വത്തിൽ നിരവധി പേർ മൺവെട്ടിയും മറ്റ് കൃഷി ആയുധങ്ങളുമായി രംഗത്തിറങ്ങിയത് ശ്രദ്ധേയമായി. മരച്ചീനിയ്ക്ക് മുറമെ മഞൾ, ചേന എന്നിവയും ധാരാളം നട്ടുപിടിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് അരുൺ കുമാർ പറഞ്ഞു.

