KOYILANDY DIARY

The Perfect News Portal

തെരുവു നായ ശല്യം: വാക്സിനേഷൻ നൽകും

തിരുവനന്തപുരം: പേ വിഷബാധ നിയന്ത്രിക്കാൻ മുഴുവൻ  തെരുവു നായകൾക്കും വാക്‌‌സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു. 20 മുതൽ ഒരുമാസമാണ്‌ വാക്സിനേഷൻ യജ്‌ഞം. തദ്ദേശസ്ഥാപനങ്ങൾ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളിൽ വാക്സിനെത്തിക്കുമെന്ന്‌ തദ്ദേശ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. നായകൾ കൂട്ടമായുള്ള പ്രദേശങ്ങൾക്ക്‌ പ്രത്യേക പരിഗണന നൽകും. തിങ്കളാഴ്‌ച ഉന്നതതല യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശീലനം ലഭിച്ച നായപിടുത്തക്കാർ  നേതൃത്വം നൽകും.   കോവിഡുകാലത്തെ സന്നദ്ധസേനാംഗങ്ങളെ  ഭാഗമാക്കും. സംസ്ഥാനത്ത്‌ മൂന്നുലക്ഷം തെരുവുനായകളുണ്ട്‌. ദിവസം പതിനായിരം എണ്ണത്തിനെങ്കിലും വാക്സിൻ നൽകും. ഭക്ഷണത്തിലൂടെ  വാക്സിൻ നൽകുന്ന രീതിയും പരീക്ഷിക്കാൻ  ഉപദേശമുണ്ട്‌. വാക്സിനെടുത്തവയെ തിരിച്ചറിയാൻ സ്‌പ്രേ പെയിന്റ്‌, മൈക്രോ ചിപ്പ്‌ സംവിധാനങ്ങൾ ഏർപ്പെടുത്തും. ആറുലക്ഷം ഡോസ്‌ വാക്സിൻ മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുണ്ട്‌. കൂടുതൽ ലഭ്യമാക്കാനും നടപടിയായി.

തദ്ദേശസ്ഥാപനങ്ങളിൽ തെരുവുനായ പുനരധിവാസ ഷെൽട്ടറുകൾ സ്ഥാപിക്കും. ഭക്ഷ്യമാലിന്യം വലിച്ചെറിയുന്നതിനെതിരെ ജനകീയ ക്യാമ്പയിൻ ആരംഭിക്കും. മാലിന്യ നിർമാർജനത്തിനായി ഹോട്ടൽ, കല്യാണഹാൾ ഉടമകൾ, മാംസ കച്ചവടക്കാർ തുടങ്ങിയവരുടെ യോഗം തദ്ദേശസ്ഥാപന തലത്തിൽ വിളിച്ചുചേർക്കും.

Advertisements

സംസ്ഥാനത്ത്‌ 37 എബിസി (അനിമൽ ബെർത്ത്‌ കൺട്രോൾ) കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്‌. ആകെ 76 എണ്ണമാണ്‌ ആവശ്യം. ബാക്കിയുള്ളവ ഉടൻ തയ്യാറാകും. പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെയും കലക്ടർമാരുടെയും യോഗം ചൊവ്വാഴ്ച പകൽ മൂന്നിന്‌ ഓൺലൈനായി ചേരുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *