കോഴിക്കോട് ബീച്ച് കസ്റ്റംസ് റോഡ് ഇനി റഷ്യൻ സഞ്ചാരിയുടെ പേരിൽ അറിയപ്പെടും

കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ ബീച്ച് കസ്റ്റംസ് റോഡ് ഇനി റഷ്യൻ സഞ്ചാരി അഫനാസി നികിതിന്റെ പേരിൽ. റഷ്യൻ സഞ്ചാരി അഫനാസി നികിത് കോഴിക്കോട് സന്ദർശിച്ചതിന്റെ 550-ാം വാർഷികം, ഇന്ത്യ–റഷ്യ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം എന്നിവ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് റോഡ് പുനർനാമകരണം ചെയ്തത്. കോഴിക്കോട് നഗരവും റഷ്യയിലെ ത്വെർ നഗരവുമായി ചേർന്ന് ട്വിൻ സിറ്റി ആശയത്തിൽ ഒന്നിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചിരുന്നു. പുനർ നാമകരണ ചടങ്ങ് മേയർ ഡോ. ബീന ഫിലിപ്പും റഷ്യൻ അസോസിയേഷൻ ഫോർ ഇന്റർനാഷണൽ കോ -ഓപ്പറേഷൻ ചെയർമാൻ ഡോ. സെർജി കലാഷ്നിക്കോവും ചേർന്ന് നിർവഹിച്ചു. ഇതിന്റെ ഭാഗമായി അടുത്ത വർഷം കസ്റ്റംസ് റോഡ് പരിസരത്ത് ഭക്ഷ്യോത്സവം സംഘടിപ്പിക്കും.

ബിനോയ് വിശ്വം എംപി മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ ഡോ. എസ് ജയശ്രീ, പി ദിവാകരൻ, പി കെ നാസർ, ഒ പി ഷിജിന, കൗൺസിലർമാരായ എം പി ഹമീദ്, എം ബിജുലാൽ, എം പി സുരേഷ്, ദക്ഷിണേന്ത്യയിലെ റഷ്യൻ ഫെഡറേഷന്റെ കോൺസുൽ ജനറൽ ഒലീഗ് അവ് ദീവ്, റഷ്യ–ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ പ്രതിനിധി ഇവ്ജിനി ഷിൽനിക്കോവ്, ഇന്ത്യ–-റഷ്യ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് സീനിയർ വൈസ് പ്രസിഡന്റ് സുധീർ പാൽ സബാർവാൽ, രതീഷ് സി നായർ, കോർപറേഷൻ സെക്രട്ടറി കെ യു ബിനി എന്നിവർ സംബന്ധിച്ചു.


