കെ.എസ്.ആര്‍.ടി.സി.യെ കോടതികള്‍ വിഴുങ്ങും

തിരുവനന്തപുരം> വാഹനാപകട നഷ്ടപരിഹാര വിധി പ്രകാരം കെ.എസ്.ആര്‍.ടി.സി. കൊടുക്കാനുള്ളത് 33.52 കോടി രൂപ. കേരളത്തിലെ വിവിധ എം.എ.സി.ടി. കോടതികളില്‍ വാദം പൂര്‍ത്തിയായ 3210 കേസുകളിലായി 33,52,12,211 രൂപയാണ് യാത്രക്കാര്‍ക്ക് നല്‍കാനുള്ളത്.
വിചാരണ നടന്നുവരുന്ന കേസുകളുടെ വാദം പൂര്‍ത്തിയാകുന്നതോടെ നഷ്ട പരിഹാര തുക ഇരട്ടിയാകും. പ്രതിമാസം 90 കോടിരൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനില്‍ നിന്നും നഷ്ടപരിഹാര തുക കിട്ടാതായതോടെ യാത്രക്കാര്‍ തുക ഈടാക്കാന്‍ ജപ്തി നടപടിയിലേക്ക് കടക്കാനൊരുങ്ങുകയാണ്.
പ്രതിദിനം 26 ലക്ഷത്തില്‍പരം യാത്രക്കാര്‍ കെ.എസ്. ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഏപ്രില്‍ മുതല്‍ 15 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിന് സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതോടെ പ്രതിമാസം ആറ് കോടി രൂപ കോര്‍പ്പറേഷന് ലഭിക്കുന്നുണ്ട്. നിലവില്‍ 33,592 ജീവനക്കാരും 37,512 പെന്‍ഷന്‍കാരുമുണ്ട്. ഇവര്‍ക്ക് ശമ്പളയിനത്തില്‍ 64.50 കോടിയും പെന്‍ഷന്‍ ഇനത്തില്‍ 45.30 കോടിയും പ്രതിമാസം വേണ്ടിവരും.
വര്‍മ്മ ആന്‍ഡ് വര്‍മ്മ നടത്തിയ ആസ്തി നിര്‍ണയത്തിലൂടെ കെ.എസ്.ആര്‍.ടി.സി.യുടെ ആസ്തി 3674.13 കോടി രൂപയാണെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ എസ്.ബി. ഐ.യുമായി ഉണ്ടാക്കിയ കണ്‍സോര്‍ഷ്യവുമായി ചേര്‍ന്ന് ദേശസാത്കൃത ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശക്ക് കൂടിയ കാലയളവിലേക്ക് വായ്പയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കോര്‍പ്പറേഷന്റെ വരവ് ചെലവ് അന്തരം കുറച്ച് ലാഭത്തിലേക്ക് നയിക്കുന്നതിനായി തയ്യാറാക്കിയ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് വായ്പയെടുക്കുന്നത്. ഇതിന്റെ ഭാഗമായി 1300 കോടി രൂപ 10 ദേശസാത്കൃത ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശക്ക് വായ്പയെടുക്കും. ഇതിന്റെ ഭാഗമായി എസ്.ബി.ടി., ലക്ഷ്മി വിലാസ് ബാങ്ക് എന്നീ ബാങ്കുകള്‍ അനുവദിച്ച 275 കോടി രൂപ കെ.ടി.ഡി.എഫ്.സി.ക്ക് നല്‍കിക്കഴിഞ്ഞു.
